കൊച്ചി | പുള്ളിപ്പുലിയുടെ പല്ല് കഴുത്തിലണിഞ്ഞെന്ന പേരില്‍ റാപ്പര്‍ വേടനെതിരേ കേസെടുത്ത് വെട്ടിലായി വനംവകുപ്പ്. കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതിനുപിന്നാലെ സര്‍ക്കാരും എതിരായതോടെ നടപടിക്രമങ്ങളിലെ പിഴവ് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് വനംവകുപ്പ്. ഇതുസംബന്ധിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും നിയമപ്രകാരമാണ് നടത്തിയതെന്ന് സ്ഥിരീകരിച്ചുകൊണ്ട് വനംവകുപ്പ് മേധാവി മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ കേസില്‍ തിടുക്കം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ചില പ്രസ്താവനകള്‍ അനുചിതമാണെന്ന് കണ്ടെത്തി അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ്
വിവരം.
എന്നാല്‍ മതിയായ ശാസ്ത്രീയ പരിശോധനാഫലം വരാതെ വേടന്റെ മാലയില്‍ ലോക്കറ്റായ പണിതെടുത്ത പല്ല് പുളളിപ്പുലിയുടേതാണെന്ന് കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന് കോടതി ജാമ്യം നല്‍കിയത്. നിലവില്‍ വേടനില്‍ നിന്ന് പിടിച്ചെടുത്ത പുള്ളിപ്പുലിയുടെ പല്ല് വിശദമായ വിശകലനത്തിനായി ലബോറട്ടറിയിലേക്ക് അയയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഈ പരിശോധനാഫലം അനുകൂലമായാല്‍ മാത്രമേ വനംവകുപ്പിന് നടപടികളെ ന്യായീകരിക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ വേടനൊപ്പം നിന്നതുകൊണ്ട്, തിടുക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മുഖംരക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കം.