ന്യൂഡല്‍ഹി | മധ്യപ്രദേശിലെ ഒരു ആശുപത്രിയില്‍, ചുറ്റും നിന്നിരുന്നവരുടെ മുന്നില്‍ വച്ച് കൗമാരക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സുരക്ഷാ ജീവനക്കാരടക്കം നിരവധിപേര്‍ നോക്കി നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്. ആക്രമണം തടയാന്‍ ഒന്നും ചെയ്യാതെ ഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ആശുപത്രിക്കുള്ളില്‍ 19 വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായി കൊലപാതകത്തിന് ഇരയായത്.
12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സന്ധ്യ ചൗധരിയെയാണ് നിലത്ത് കെട്ടിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. അഭിഷേക് കോഷ്ടി എന്ന യുവാവാണ് ക്രൂരകൃത്യം നടത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനുള്ളിലാണ് ആക്രമണം നടന്നത്. കറുത്ത ഷര്‍ട്ട് ധരിച്ച അഭിഷേക്, സന്ധ്യയെ നിലത്ത് തള്ളിയിട്ടശേഷം കയറിയിരുന്ന് കത്തികൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം ഏകദേശം 10 മിനിറ്റ് നീണ്ടുനിന്നു. ഈ സംഭവം കണ്ട ആരുംതന്നെ ഇടപെട്ടില്ല. പെണ്‍കുട്ടി നിലത്ത് രക്തം വാര്‍ന്ന് കിടക്കുമ്പോള്‍ ചിലര്‍ കടന്നുപോയി. ആക്രമണത്തിന് ശേഷം, അഭിഷേക് ആശുപത്രിയില്‍ നിന്ന് ഓടിപ്പോയി. പിന്നേട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.