തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെട്ട നിവേദ്യ ഉരുളി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില്‍ നിന്ന് ഒക്‌ടോബര്‍ 13ന് നടന്ന മോഷണത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാര്‍ തന്നതാണെന്നും ഉള്ള നിലപാടിലാണ് ഹരിയാനയില്‍ നിന്നു കണ്ടെത്തിയ പ്രതി ഗണേശ് ത്ഡായുടെ നിലപാട്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഇയാ ള്‍ ഹരിയാന പോലീസിനോട് പറഞ്ഞു. ആരെങ്കിലും തടഞ്ഞിരുന്നെങ്കില്‍ മടക്കി നല്‍കുമായിരുന്നുവത്രേ.
മൂന്നു പേരെയാണ് ഹരിയാനയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ക്ഷേത്ര ജീവനക്കാരുടെ മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. 13നു നടന്ന മോഷണം ഭാരവാഹികള്‍ പോലീസിനെ അറിയിച്ചത് 15നാണ്. സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പിടിയിലായ ഗണേഷ് ത്ഡാ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണ്.
ശ്രീപത്മനാഭ സ്വാമി ക്ഷേതത്തില്‍ ഉണ്ടായത് മോഷണമല്ലെന്നാണ് പോലീസിന്റെ ഒടുവിലത്തെ വിശദീകരണം. അതിനാല്‍ തന്നെ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യില്ല. ക്ഷേത്രത്തിനുള്ളില്‍ ഇവര്‍ കൊണ്ടുവന്ന പൂജാ സാധനങ്ങളടങ്ങിയ പാത്രം താഴെ വീണു. അടുത്തുണ്ടായിരുന്നവരുടെ കൂടി സഹായത്തോടെയാണ് ഇവ തിരിച്ചെടുത്തത്. പൂജ കഴിഞ്ഞ് മൂവരും പാത്രവുമായി പുറത്തേക്കുപോയി. ആരും അവരെ തടഞ്ഞില്ലത്രേ. ഇവര്‍ കൊണ്ടുപോയ വെള്ളം തളിക്കുന്ന പാത്രം അമൂല്യമായ പുരാവസ്തുവാണ്.