കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബര്‍ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്.

സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടില്‍. സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടു കട്ടിലില്‍ ഇരുന്ന വിഷ്ണുപ്രിയയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുര്‍ച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2023 സെപ്റ്റംബര്‍ 21 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസില്‍ 73 സാക്ഷികളാണുള്ളത്. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയില്‍നിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത് കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീണ്‍, അഡ്വ.അഭിലാഷ് മാത്തൂര്‍ എന്നിവരാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here