പത്തനംതിട്ട | സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ നടത്തിപ്പുകാരിയുടെ മകനെ കൂടി പ്രതിചേര്‍ത്ത് പോലീസ്. ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചെങ്കിലും പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുമ്പാണ് എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പത്തനംതിട്ടയിലെ ഒരു സ്വകാര്യ അനാഥായത്തിലാണ് സംഭവം നടന്നത്. മകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് മറച്ചുവച്ചുകൊണ്ടാണ് നടത്തിപ്പുകാരി കഴിഞ്ഞ ഒക്‌ടോബറില്‍ വിവാഹം നടത്തിയതെന്നാണ് ആരോപണം.
2024 ഒക്‌ടോബറിലായിരുന്നൂ വിവാഹം. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും, അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും ചൂണ്ടിക്കാട്ടി രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് അടൂര്‍ പൊലീസ് പോക്സോ കേസെടുത്തത്. ഇതിനിടെ അനാഥാലയം നടത്തിപ്പുകാരിക്കെതിരെ അന്തേവാസിയായ മറ്റൊരു പെണ്‍കുട്ടിയെ തല്ലി എന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.