കൊച്ചി | ഗുണ്ടാത്തലവൻ ഓംപ്രകാശ് എറണാകുളത്തെ ആഡംബര ഹോട്ടലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും വ്യാഴാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഇവർക്ക് പുറമെ പാര്‍ട്ടിയിൽ പങ്കെടുത്തെന്നു കരുതുന്ന ഇരുപതോളം പേരിൽ നിന്നും മൊഴി എടുക്കാനും മരട് പോലീസ് നടപടി തുടങ്ങി. 

ഹോട്ടലിലെ ക്യാമറയിൽ നിന്ന് ശ്രീനാഥിന്റെയും പ്രയാഗയുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരെയും ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നോർവീജിയൻ സംഗീതജ്ഞൻ അലൻ വോക്കറിന്റെ സംഗീതനിശയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ട് ഓംപ്രകാശും കൂട്ടരും ലഹരിമരുന്ന് ഇടപാട് നടത്തിയിരിക്കാമെന്ന സംശയത്തിലാണ് പോലീസ്.

ശ്രീനാഥ് ഭാസിയും പ്രയാഗയും 5ന് രാത്രി ഹോട്ടിലിലെ മുറിയിലെത്തി ഓംപ്രകാശിനെ കണ്ടു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഓംപ്രകാശിനെ കണ്ടു എന്നതിന്റെ പേരിൽ ഇവർക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചോ എന്നതും തെളിയിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് മൊഴിയെടുത്ത് മുന്നോട്ടു പോകാനാണ്  പോലീസ് തീരുമാനിച്ചത്.
 
മരടിലെ ആഡംബര ഹോട്ടലിൽ ഓംപ്രകാശ് എത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന് വിൽപ്പനയാണ് ഇവരുടെ ലക്ഷ്യമെന്നും വിവരം ലഭിച്ച പോലീസ് ഹോട്ടൽ മുറിയിൽ നടത്തിയ ‍പരിശോധനയിൽ  കൊക്കെയ്ൻ തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറും നാലു ലീറ്റർ മദ്യവും പോലീസ് പിടിച്ചെടുത്തു. പ്ലാസ്റ്റിക് കവറിലെ ലഹരി പദാർഥം പ്രതികൾ വെളിപ്പെടുത്തിയ പോലെ കൊക്കെയ്ൻ തന്നെയാണെന്നു പരിശോധനയിൽ ബോധ്യപ്പെട്ടെങ്കിലും പ്രതികളുടെ ദേഹവും മുറിയും പരിശോധിച്ചപ്പോൾ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള അളവിൽ ലഹരി പദാർഥം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേത്തുടർന്നു കോടതി പ്രതികൾക്കു ജാമ്യം അനുവദിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമാക്കാനുള്ള പോലീസ് നീക്കം.

അതേസമയം ഓം പ്രകാശിനെ അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ പ്രതികരിച്ചു. ഒരു  സുഹൃത്തിനെ കാണാനാണ് മറ്റൊരു സുഹൃത്തിനൊപ്പം ഹോട്ടലിൽ പോയതെന്നും അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here