ന്യൂഡല്‍ഹി | വെടിനിര്‍ത്തല്‍ കരാര്‍ പരസ്യമായി ലംഘിച്ചശേഷവും ഇന്ന് പുലര്‍ച്ചെ ഇന്ത്യയിലേക്ക് കനത്ത മോര്‍ട്ടാര്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തി പാക്കിസ്ഥാന്‍. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ), ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) സൈനികന്‍ അടക്കം 7 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജമ്മുവിലെ ആര്‍ എസ് പുര സെക്ടറിലെ അക്രമത്തില്‍ ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് കൊല്ലപ്പെട്ടത്. എട്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ പോസ്റ്റിന് സമീപം പാകിസ്ഥാന്‍ പീരങ്കി ഷെല്‍ പൊട്ടിത്തെറിച്ച് ഹിമാചല്‍ പ്രദേശ് നിവാസിയായ സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍ കൊല്ലപ്പെട്ടു. രജൗറിയിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് വയസ്സുള്ള ഐഷ നൂര്‍, 35 വയസ്സുള്ള മുഹമ്മദ് ഷോഹിബ് എന്നിവരും കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലുള്ള വീട്ടില്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ച് 55 വയസ്സുള്ള റാഷിദ ബിയും മരിച്ചു. ആര്‍എസ് പുരയില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പില്‍ ബിദിപൂര്‍ ജട്ട ഗ്രാമത്തിലെ താമസക്കാരനായ അശോക് കുമാര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിരാവിലെ ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളെ പിടിച്ചുകുലുക്കിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത പ്രൊജക്‌റ്റൈലുകളുടെ അവശിഷ്ടങ്ങളും കാര്‍ഷിക മേഖലകളില്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടു.
നിരവധി ദിവസത്തെ തുടര്‍ച്ചയായ അക്രമത്തിന് ശേഷം, കര, വ്യോമ, കടല്‍ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തലാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ഇന്നലെ വൈകിട്ടോടെ കരാറിലെത്തി. വൈകിട്ട് അഞ്ചുമണിക്ക് ശേഷം പരസ്പരം വെടിനിര്‍ത്തല്‍ പാലിക്കുമെന്ന കരാര്‍ എട്ടുമണിയോടെ തന്നെ പാക്കിസ്ഥാന്‍ ലംഘിച്ചു. മാത്രല്ല ഇന്ന് പുലര്‍ച്ചെയും ജമ്മു കശ്മീരില്‍ നിന്നും പഞ്ചാബിലെ നിരവധി പ്രദേശങ്ങളില്‍ നിന്നും സ്‌ഫോടനങ്ങളുടെയും ഡ്രോണ്‍ ആക്രമണങ്ങളുടെയും മോര്‍ട്ടാര്‍ ഷെല്ലിംഗിന്റെയും ശബ്ദങ്ങള്‍ കേട്ടാണ് ഇന്ത്യ ഉണര്‍ന്നത്.
പഞ്ചാബിലെ അമൃത്സര്‍, ജലന്ധര്‍, പത്താന്‍കോട്ട്, തരണ്‍ തരണ്‍ ജില്ലകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഈ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്‌ഫോടനത്തെത്തുടര്‍ന്ന് ഗുരുദാസ്പൂരിലെ രാജുബേല ചിച്രാന്‍ ഗ്രാമത്തില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമാനമായ ഒരു സംഭവം ഫഗ്വാരയിലും ഉണ്ടായി. അതേസമയം, പത്താന്‍കോട്ട്, ജലന്ധര്‍, ഹോഷിയാര്‍പൂര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ ചന്തകളും പൊതുസ്ഥലങ്ങളും അധികൃതര്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജസ്ഥാനില്‍, മുന്‍കരുതലായി ബാര്‍മറിലെയും ജയ്‌സാല്‍മറിലെയും മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി.