തിരുവനന്തപുരം | യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി മുസ്ലീം പണ്ഡിതന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രാപ്തി കാണുമെന്ന പ്രതീക്ഷയില്‍ കേരളം. നിമിഷയുടെ ശിക്ഷയ്ക്ക് കാരണമായ യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായുള്ള കാന്തപുരത്തിന്റെ ചര്‍ച്ചകള്‍ അനുകൂലമായി പുരോഗമിക്കുന്നതായാണ് വിവരം. ഇന്ന് യെമന്‍ സമയം രാവിലെ 10:00 മണിക്ക് വീണ്ടും പുനരാരംഭിക്കും.

വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത്. എല്ലാവഴികളും അടഞ്ഞതോടെയാണ് കാന്തപുരത്തിന്റെ ഇടപെടലുണ്ടാകുന്നത്.

കാന്തപുരത്തിന്റെ അഭ്യര്‍ഥന മാനിച്ച്, പ്രശസ്ത യെമന്‍ സൂഫി പുരോഹിതന്‍ ഷെയ്ഖ് ഹബീബ് ഉമ്മറിന്റെ നേതൃത്വത്തില്‍ വടക്കന്‍ യെമനില്‍ ഒരു അടിയന്തര യോഗമാണ് നടക്കുന്നത്. 2017 -ല്‍ നിമിഷ പ്രിയയാല്‍ കൊല്ലപ്പെട്ടത തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് മാപ്പ് നേടുക എന്നതാണ് ചര്‍ച്ചകളുടെ ലക്ഷ്യം.

നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഷെയ്ഖ് ഹബീബിന്റെ പ്രതിനിധിയായ ഹബീബ് അബ്ദുറഹ്മാന്‍ അലി മഷ്ഹൂര്‍, യെമന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജിനായത്ത് കോടതിയിലെ ഒരു ജഡ്ജി, പ്രാദേശിക ഗോത്ര നേതാക്കള്‍, തലാലിന്റെ സഹോദരന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഇസ്ലാമിക നിയമപ്രകാരം പരമ്പരാഗതമായി ഇത്തരം കേസുകളില്‍ രക്തപ്പണം (ദിയ) ആവശ്യപ്പെട്ട് നിമിഷയ്ക്ക് മാപ്പ് നല്‍കണമെന്ന് ഇരയുടെ കുടുംബത്തോട് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കാന്തപുരത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

കേരളത്തിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ള നിമിഷ പ്രിയ, യെമന്‍ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയതിനാണ് 2020 ല്‍ ശിക്ഷിക്കപ്പെട്ടത്. തലാലിനെ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തിയ ശേഷം മറ്റൊരു നഴ്സിന്റെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി മൃതദേഹം ഒരു ഭൂഗര്‍ഭ ടാങ്കില്‍ നിക്ഷേപിച്ചതായാണ് യെമന്‍ കോടതി രേഖകള്‍.

ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ഷൂറ കൗണ്‍സില്‍ അംഗവുമായ തലാലിന്റെ അടുത്ത ബന്ധു, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തലാലിന്റെ ജന്മനാടായ ധാമറില്‍ എത്തിയിട്ടുണ്ട്്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ സൂഫി പണ്ഡിതനായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം ഇവിടെ എത്തിയത്.

ഷെയ്ഖ് ഹബീബ് ഉമറിന്റെ സൂഫി ആചാരത്തിന്റെ അനുയായിയും ആദരണീയനായ സൂഫി സന്യാസിയുടെ മകനുമായ ഈ ബന്ധുവിന്റെ സാന്നിധ്യം ഒരു വഴിത്തിരിവിനുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നാളെ (ജൂലൈ 16)് നടക്കാനിരിക്കുന്ന വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര അപ്പീല്‍ നല്‍കാന്‍ അദ്ദേഹം യെമന്‍ അറ്റോര്‍ണി ജനറലിനെ കാണുമെന്നും പ്രതീക്ഷിക്കുന്നു. വധശിക്ഷ ഒഴിവാക്കാന്‍ സാധ്യതയുള്ള ഒരു നീക്കമായ രക്തപ്പണം (ദിയ) സ്വീകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുന്നതിലും ഇന്നത്തെ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും, മധ്യസ്ഥത തുടരാനും സാധ്യമായ ഒരു പരിഹാരം കൈവരിക്കാനും സമയം അനുവദിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ ഔപചാരിക അഭ്യര്‍ത്ഥനയും യെമന്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here