ബെംഗളൂരു | ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ അറസ്റ്റു ചെയ്തു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് നടപടികള്‍ വേഗത്തിലായത്.

സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്ക്കെതിരെ കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാട്ടി 20 വയസുള്ള മകനാണ് പരാതി നല്‍കിയിരുന്നത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ പിന്നീട് രേവണ്ണയുടെ സഹായിയുടെ വീട്ടില്‍നിന്ന് മോചിപ്പിച്ചു. രേവണ്ണയ്ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് ഇറങ്ങിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്തേക്കും. രേവണ്ണയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയും പരാതി നല്‍കിയിരുന്നു. വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here