തിരുവനന്തപുരം | വ്യാജ ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് നീറ്റ് പരീക്ഷ എഴുതാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ പിടികൂടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ തൈക്കാവ് സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം. വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന പേര്, വിലാസം, പരീക്ഷാ കേന്ദ്രം എന്നിവയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയതായി പരീക്ഷാ കോര്‍ഡിനേറ്ററുടെ പരാതിയെ തുടര്‍ന്നാണ് ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ ഒരു അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മയാണ് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി പിടിക്കപ്പെട്ടപ്പോള്‍, ഗ്രീഷ്മയാണ് തങ്ങള്‍ക്ക് ഹാള്‍ ടിക്കറ്റ് നല്‍കിയതെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കി. അക്ഷയ സെന്ററില്‍ വിദ്യാര്‍ത്ഥിയുടെ അമ്മ 1,250 രൂപ നല്‍കിയതായി പോലീസ് കണ്ടെത്തി. എന്നാല്‍ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാണ് വിദ്യാര്‍ത്ഥിയുടെ അമ്മ അക്ഷയ സെന്ററില്‍ പണം നല്‍കിയത്. എന്നാല്‍, അക്ഷയ സെന്റര്‍ ജീവനക്കാരി അപേക്ഷ സമര്‍പ്പിച്ചില്ല.

പകരം അമ്മ ഹാള്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ വ്യാജ ഹാള്‍ ടിക്കറ്റ് സൃഷ്ടിച്ച് വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥി ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് അമ്മയോടൊപ്പം പത്തനംതിട്ടയില്‍ പരീക്ഷ എഴുതാന്‍ എത്തുകയായിരുന്നൂവെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചതായി സമ്മതിച്ചു. മറ്റൊരു വിദ്യാര്‍ത്ഥിക്ക് നല്‍കിയ യഥാര്‍ത്ഥ ഹാള്‍ ടിക്കറ്റില്‍ നിന്ന് വിശദാംശങ്ങള്‍ മാറ്റിയാണ് വ്യാജ ഹാള്‍ ടിക്കറ്റ് നിര്‍മ്മിച്ചതെന്ന് പോലീസ് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here