ന്യൂഡല്‍ഹി| ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലില്‍ തുടരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിനെതിരെ നല്‍കിയ ഹര്‍ജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജൂണ്‍ ഒന്നുവരെയുള്ള ഇടക്കാല ജാമ്യം.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകള്‍ നിര്‍വഹിക്കരുത്, കേസുമായി ബന്ധമുള്ളവരെ സമീപിക്കരുത്, ഫയലുകള്‍ പരിശോധിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്രിവാളിന്റെ ഹര്‍ജി. എന്നാല്‍, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാര്‍ട്ടി നേതാവെന്ന പരിഗണനയില്‍ കോടതി ജാമ്യം നല്‍കുകയായിരുന്നു. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21 നാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. മറ്റു കേസുകളില്‍നിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. മേയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. അതിനിടെ, അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി മേയ് 20 വരെ ഡല്‍ഹി റൗസ് അവന്യു കോടതി നീട്ടിയിരുന്നു.