ബീഹാര്‍ | ബോധ് ഗയയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി നടന്ന മത്സരത്തിനിടെ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനുള്ളിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ഈ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ടെക്നീഷ്യനെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഡ്രൈവറായ ഉട്രെന്‍ ഗ്രാമത്തിലെ വിനയ് കുമാറിനെയും ടെക്‌നീഷ്യന്‍ നളന്ദ ജില്ലയിലെ ചന്ദന്‍പൂര്‍ ഗ്രാമത്തിലെ അജിത് കുമാറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിയന്തര ആവശ്യങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് വേദിയില്‍ ആംബുലന്‍സ് വിളിച്ചുവരുത്തിയിരുന്നു. റിക്രൂട്ട്മെന്റിന് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമേ എത്തിയിട്ടുള്ളൂവെങ്കിലും ആംബുലന്‍സില്‍ വനിതാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി.
ബോധ് ഗയ പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(1) പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, അനുഗ്രഹ് നാരായണ്‍ മഗധ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി സിറ്റി പോലീസ് സൂപ്രണ്ട് രാമാനന്ദ് കുമാര്‍ കൗശലിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ആനന്ദ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.