തിരുവനന്തപുരം | എസ്.എന്‍.ഡി.പി. യോഗം ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളില്‍ സ്വത്വബോധമുയര്‍ത്തി ബിജെപി നേട്ടം കൊയ്‌തെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. ആറ്റിങ്ങലിലും ആലപ്പുഴയിലും ബിജെപി മുന്നേറ്റം ഇതിന് തെളിവാണെന്നും ഇത് തടയുന്നതില്‍ സിപിഎം സംസ്ഥാന ഘടകം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി നടത്തിയ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കര്‍ഷക തൊഴിലാളികത്തൊഴിലാളികളും ദളിതരും ആദിവാസികളുമടങ്ങുന്ന സിപിഎമ്മിന്റെ വോട്ടിങ്ങ് അടിത്തറയിലാണ് മത, സമുദായ ബോധമുണര്‍ത്തി ബി.ജെ.പി. നേട്ടം കൊയ്തത്. 2024-ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രധാന കാരണമിതാണ്. ആര്‍.എസ്.എസിന്റെ ഈ സ്വത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ സി.പി.എം. സംസ്ഥാന ഘടകം പരാജയപ്പെട്ടു. 2019-ല്‍ തന്നെ ഈ മാറ്റം പ്രകടമായിരുന്നിട്ടും ഗൗരവമായി സമീപിക്കാത്തതാണ് തിരിച്ചടിയായത്.
2019-ല്‍ എല്‍.ഡി.എഫിന് 35.10 ശതമാനവും 2024-ല്‍ 33.35 ശതമാനവുമാണ് വോട്ട് ലഭിച്ചത്. 1.75 ശതമാനമാണ് കുറഞ്ഞത്. എസ്.എന്‍.ഡി.പിയുടെ സംശയാസ്പദമായ നിലപാട് തുറന്നു കാട്ടണമെന്നും കേന്ദ്രക്കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ബി.ജെ.പിക്ക് ആദ്യമായി ലോക്‌സഭയില്‍ അംഗത്വം നല്‍കിയ തൃശൂരിലും സി.പി.എമ്മിന്റെ വോട്ട് ചോര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.