പത്തനംതിട്ട | സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ പരസ്യമായി കടുത്ത ഭാഷയില്‍ പാര്‍ട്ടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചന. എ. പദ്മകുമാറിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തില്‍ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകും. സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടിയെ വെല്ലുവിളിച്ച പദ്മകുമാറിനെതിരേ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ തുടര്‍ന്നും പാര്‍ട്ടിക്ക് പല നേതാക്കളും വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ജില്ലാനേതൃത്വം വിലയിരുത്തുന്നത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്മകുമാറിന്റെ പ്രതിഷേധത്തില്‍ വലിയ അമര്‍ഷത്തിലുമാണ്. അതുകൊണ്ടുതന്നെ കടുത്ത നടപടിക്കാകും ജില്ലാക്കമ്മറ്റി ശിപാര്‍ശ ചെയ്യുക എന്നാണ് സൂചന.
എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞുള്ള നീക്കം പദ്മകുമാറും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ ആറന്മുളയിലെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ പദ്മകുമാറുമായി ചര്‍ച്ച നടത്തി. ശബരിമല വിഷയം കത്തിനില്‍ക്കെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പദവിയിലിരുന്ന് സര്‍ക്കാര്‍ നിലപാട് നടപ്പാക്കാന്‍ കൂട്ടുനിന്നയാളാണ് പദ്മകുമാര്‍. അതുകൊണ്ടുതന്നെ പദ്മകുമാറിനെ ബിജെപിയിലെത്തിച്ചാല്‍ അത് സിപിഎമ്മിന് കിട്ടുന്ന കനത്ത പ്രഹരമാകും. ശബരിമല വിഷയത്തില്‍ വിശ്വാസികളോട് മാപ്പുപറഞ്ഞുകൊണ്ട് പദ്മകുമാര്‍ ബിജെപി കളത്തിലേക്ക് ഇറങ്ങിയാല്‍ കേരളരാഷ്ട്രീയത്തില്‍ വലിയ അലയൊലികള്‍ക്ക് തുടക്കമാകുമെന്ന് ഉറപ്പാണ്.