ന്യൂഡല്‍ഹി | ഒരുമാസത്തിലധികമായി സെക്രട്ടേറിയറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ലോക്‌സഭയില്‍. കോണ്‍ഗ്രസ് എം.പിമാരായ ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നിയിച്ചത്.
”കേരളത്തില്‍ നടക്കുന്ന ആശാ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്” ശശി തരൂര്‍ എംപി ചോദിച്ചു. കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്നും വെറും 233 രൂപയാണ് ശമ്പളം നിശ്ഛയിച്ചിട്ടുള്ളതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 2005-ല്‍ യുപിഎ സര്‍ക്കാരാണ് ആശാവര്‍ക്കര്‍ എന്ന ആശയം നടപ്പാക്കിയത്. തെലങ്കാന, കര്‍ണാടക, സിക്കിം സര്‍ക്കാരുകള്‍ വേതനം കൂട്ടിനല്‍കിയിട്ടും കേരളത്തില്‍ മാറ്റമുണ്ടായില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രിയില്‍നിന്നു ഇതിനു ഉത്തരം ലഭിക്കണം” – ഇതായിരുന്നു കെ.സി. േവണുഗോപാലിന്റെ വാക്കുകള്‍. വി.കെ.ശ്രീകണ്ഠന്‍ എംപി മലയാളത്തിലാണ് വിഷയം ഉന്നയിച്ചത്.