ന്യൂഡല്‍ഹി | റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ അധിക ഇറക്കുമതി നികുതിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗസ്റ്റ് 1 മുതല്‍ ഇത് പ്രഖബല്യത്തില്‍ വരും. ഇന്ത്യ ‘നമ്മുടെ സുഹൃത്താണ്. എങ്കിലും, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ വളരെ ഉയര്‍ന്നതാണ് – ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ പ്രഖ്യാപനത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള അടുത്ത റൗണ്ട് ചര്‍ച്ചകള്‍ക്കായി ഒരു യുഎസ് പ്രതിനിധി സംഘം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. കഴിഞ്ഞ ആഴ്ച, വാഷിംഗ്ടണില്‍ കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ഇന്ത്യന്‍, യുഎസ് ടീമുകള്‍ അവസാനിപ്പിച്ചു. ഇന്ത്യയുടെ മുഖ്യ ചര്‍ച്ചാസംഘാംഗവും വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളും ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടന്‍ ലിഞ്ചും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഏപ്രില്‍ 22 ന് നേരത്തെ, ട്രംപ് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ഏര്‍പ്പെടുത്തിയെങ്കിലും ആ ‘പരസ്പര’ ലെവികള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ നിലപാട് മാറ്റിയിരിക്കയാണ് ട്രംപ്.