വിജയവാഡ | ആന്ധ്രാപ്രദേശില്‍ നടന്ന 3,500 കോടി രൂപയുടെ മദ്യ അഴിമതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരും. കോടതിയില്‍ സമര്‍പ്പിച്ച 305 പേജുള്ള രേഖയില്‍, മുന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈ എസ് ആര്‍ സി പി) ഭരണകാലത്തെ അഴിമതി, രാഷ്ട്രീയ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇതിലാണ് അഴിമതിപ്പണം ലഭിച്ചവരുടെ കൂട്ടത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, കേസില്‍ ജഗനെ ഔദ്യോഗികമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2019 ജൂണ്‍ മുതല്‍ 2024 മെയ് വരെ ചില കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും അനുകൂലമായി മദ്യനയം നടപ്പിലാക്കിയതിനാല്‍ എല്ലാ മാസവും 50-60 കോടി രൂപ കൈക്കൂലിയായി ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിഐഡി അന്വേഷണമനുസരിച്ച്, കൈക്കൂലിപ്പണം പ്രധാന പ്രതി കേശിറെഡ്ഡി , രാജശേഖര റെഡ്ഡിക്ക് കൈമാറി, തുടര്‍ന്ന് പണം മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തു. വൈ.എസ്.ആര്‍.സി.പി നേതാക്കളായ വി. വിജയസായി റെഡ്ഡി, പി.വി. മിഥുന്‍ റെഡ്ഡി എന്നിവര്‍ക്ക് രാജശേഖര റെഡ്ഡി പണം കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അവര്‍ പിന്നീട് അത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കൈമാറിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേശിറെഡ്ഡി ജഗന്റെ മുന്‍ ഐടി ഉപദേഷ്ടാവാണ്. വിജയസായി റെഡ്ഡി മുന്‍ രാജ്യസഭാ എംപിയും മിഥുന്‍ റെഡ്ഡി രാജംപേട്ടില്‍ നിന്നുള്ള സിറ്റിംഗ് ലോക്സഭാ എംപിയുമാണ്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (എപിഎസ്ബിസിഎല്‍) വിശ്വസ്തരെ വളര്‍ത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജശേഖര റെഡ്ഡി ഷെല്‍ കമ്പനികള്‍ സൃഷ്ടിക്കുകയും മറ്റൊരു പ്രതിയായ ബാലാജി ഗോവിന്ദപ്പ വഴി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കൈക്കൂലി കൈമാറുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. ദുബായിലും ആഫ്രിക്കയിലും ഭൂമി, സ്വര്‍ണം, ആഡംബര സ്വത്തുക്കള്‍ എന്നിവ സ്വന്തമാക്കുന്നതിനാണ് ഈ തുക നിക്ഷേപിച്ചതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സിഐഡി സമര്‍പ്പിച്ച കുറ്റപത്രത്തെ അപലപിച്ച വൈഎസ്ആര്‍സിപി കോര്‍ഡിനേറ്റര്‍ സജ്ജല രാമകൃഷ്ണ റെഡ്ഡി അപലപിച്ചു. കെട്ടിച്ചമച്ച മദ്യക്കച്ചവടത്തില്‍ ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, മദ്യക്കച്ചവടത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികാര നടപടികളുടെ ഫലമായാണ് അറസ്റ്റ് നടക്കുന്നതെന്ന് രാമകൃഷ്ണ റെഡ്ഡി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here