തിരുവനന്തപുരം | ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ തുടര്‍ച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികള്‍ക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, 20.28 ശതമാനം പദ്ധതികള്‍ നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികള്‍ ഇന്‍വെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതില്‍ 86 പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ 86 പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 40,439 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 156 പദ്ധതികള്‍ക്ക് ഭൂമി ലഭിക്കാനുണ്ട്, 268 പദ്ധതികള്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ട്.
എട്ട് കിന്‍ഫ്ര പാര്‍ക്കുകളില്‍ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തില്‍ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്കും ഏപ്രിലില്‍ നാല് പദ്ധതികള്‍ക്കും തുടക്കമായി.
ജൂലൈയിലെ പ്രധാന പദ്ധതികളില്‍ ഭാരത് ബയോടെക് കമ്പനിയുടേത് ശ്രദ്ധേയമാണ്. അങ്കമാലിയിലെ കെ.എസ്.ഐ.ഡി.സി പാര്‍ക്കില്‍ ഈ മാസം ഈ പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. കളമശേരിയില്‍ അദാനി ഗ്രൂപ്പിന്റെ 600 കോടി രൂപയുടെ ലോജിസ്റ്റിക്സ് പദ്ധതി, പെരുമ്പാവൂരില്‍ 500 കോടി രൂപയുടെ കെയ്ന്‍സ് ടെക്നോളജീസിന്റെ ഫ്ലെക്സിബിള്‍ പി.സി.ബി നിര്‍മാണ പദ്ധതി എന്നിവയും ശ്രദ്ധേയമാണ്. കെയ്ന്‍സ് ടെക്നോളജീസിന്റെ പദ്ധതി 1,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
കാക്കനാട്ട് നീറ്റാ ജെലാറ്റിന്‍ കമ്പനിയുടെ 250 കോടി രൂപയുടെ പദ്ധതിക്ക് ഉടന്‍ തുടക്കമാകും. തൃശൂരില്‍ 500 കോടി രൂപയുടെ റിനൈ മെഡിസിറ്റി പദ്ധതിയും ആരംഭിക്കും. കൊല്ലത്ത് ഹെല്‍ത്ത്കെയര്‍ ഗവേഷണ മേഖലയില്‍ 120 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റില്‍ തുടങ്ങും. ബഹുരാഷ്ട്ര സോഫ്റ്റ്വെയര് കമ്പനിയായ ഐ.ബി.എം കേരളത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും അതിവേഗം വളരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.