ഷാങ്ഹായ് | സ്വര്‍ണ്ണവില കൂടിയതോടെ സ്വര്‍ണ്ണം വിറ്റഴിക്കാനുള്ള തിരക്ക് കുറയ്ക്കാന്‍ ഗോള്‍ഡ് എറ്റിഎം പുറത്തിറക്കി ചൈന. ചൈനയിലെ ഷാങ്ഹായ് നഗരത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ എടിഎമ്മിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കൈയിലുള്ള സ്വര്‍ണം മെഷീനില്‍ ഇട്ടാല്‍ അത് ഉരുക്കി, തൂക്കവും പരിശുദ്ധിയും അളന്ന് അന്നത്തെ വില നോക്കി ഉടന്‍തന്നെ പണം നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തനം. ചെറിയൊരു സര്‍വീസ് ഫീസ് മാത്രം ഈടാക്കിയാണ് ഈയന്ത്രം ഉപയോഗിച്ചുള്ള സ്വര്‍ണമിടപാടുകള്‍ നടക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണ് ഈ ഗോള്‍ഡ് എറ്റിഎം പുറത്തിറക്കിയത്. ചൈനയിലുടനീളം 100ലേറെ സ്ഥലങ്ങളില്‍ ഈ എടിഎം സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറും എടിഎമ്മിന്റെ സേവനം ലഭ്യമാണ്. മൂന്ന് ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള സ്വര്‍ണം ഈ യന്ത്രം സ്വീകരിക്കും.