സംസ്ഥാനം
ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍ | ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണിറോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റില്‍. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുളള എസ്‌റ്റേറ്റില്‍ നിന്നു പുറത്തേക്കുവരുമ്പോള്‍ വാഹനം വളഞ്ഞ എറണാകുളം സെന്‍ട്രല്‍ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തു. രാത്രി ഏഴോടെ കൊച്ചിയിലെത്തിച്ച ബോബിയെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
ശബരിമല വികസനത്തിന് 778.17 കോടി | ശബരിമലയുടെ സമഗ്ര വികസനത്തിന് 778.17 കോടി രൂപയുടെ പദ്ധതികള്‍ക്കു മന്ത്രിസഭ അംഗീകാരം നല്‍കി. ശബരിമല മാസ്റ്റര്‍ പ്ലാന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികളില്‍ സമ്പൂര്‍ണ്ണ ബേസ് ക്യാമ്പ് നിലയ്ക്കലില്‍ ഒരുക്കും. താമസം, പാര്‍ക്കിംഗ്, അനുബന്ധ സൗകര്യങ്ങള്‍ എല്ലാം നിലയ്ക്കലിലേക്കു മാറ്റും.
കലാകിരീടം തൃശൂരിലേക്ക് | കാല്‍ നൂറ്റാണ്ടിനുശേഷം, ഒരു പോയിന്റിന്റെ ബലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണ്ണകപ്പ് തൃശൂരിലേക്ക്. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ 1999 നുശേഷമുളള ആദ്യ കപ്പ് നേട്ടം സ്വന്തമാക്കിയത്. 1007 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിലുണ്ടായിരുന്നത്. 1003 പോയിന്റ് നേടി കണ്ണൂരും ആദ്യാവസാനം ശക്തമായ മത്സരമായിരുന്നു. സ്‌കൂളുകളില്‍ പാലക്കാട് ആലത്തുര്‍ ബിഎസ്എസ് ഗുരുകുലം എച്ച്.എസ്.എ്‌സ്.എസ് (171)ഒന്നാമതും തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ എച്ച്.എസ്.എസ്.എസ് (116) രണ്ടാമതുമെത്തി.
ട്രഷററുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി | കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ആത്മഹത്യാ പ്രോണാകുറ്റം കൂടി ചുമത്തി. ഇതോടെ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍ എന്നിവര്‍ക്കു കുരുക്കു മുറുകി.
തദ്ദേശ ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കും | തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിലവിലുളള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പരിഷ്‌കരിക്കുന്നതിന് തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ കമ്മിഷണായി നിയമിക്കാനും തീരുമാനിച്ചു.
ആരോഗ്യ അഡീഷണല്‍ സെക്രട്ടറിക്ക് വാറന്റ് | കോടതി അലക്ഷ്യ ഹര്‍ജിയില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെയ്‌ക്കെതിരെ ഹൈക്കോടതി വാറന്റ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിയമന ഉത്തരവ് നടപ്പാക്കാത്തതിനും നേരിട്ട് ഹാജരാകാനുള്ള നിര്‍ദേശം പാലിക്കാത്തതിനുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജാമ്യം കിട്ടാവുന്ന വാറന്റാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പെരിയകൊലക്കേസില്‍ നാലു പേരുടെ വിധിക്ക് സ്‌റ്റേ | പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിതിനെ തുടര്‍ന്ന് നാലു പേര്‍ക്ക് ഉടന്‍ പുറത്തിറങ്ങാനാകും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ അടക്കമുളളവര്‍ക്കാണ് പുറത്തിറങ്ങാനാവുക.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പകല്‍ അടച്ചിടും | തിരുവനന്തപുരം വിമാനത്താവളത്തില്‍ 165 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 14 മുതല്‍ മാര്‍ച്ച് 29 വരെ നടക്കും. ഈ രണ്ടരമാസക്കാലം രാവിലെ 9 മുതല്‍ വൈകുന്നേരം ആറുമണിവരെ റണ്‍വേ അടച്ചിടും. ഈ സമയത്തെ സര്‍വീസുകളുടെ പുന:ക്രമീകരിച്ച സമയം വിമാനകമ്പനികള്‍ യാത്രക്കാരെ അറിയിക്കും.
സ്വര്‍ഗവാതില്‍ ഏകാദശി 10ന് | ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ഗവാതില്‍ ഏകാദശി 10ന് ആചരിക്കും.
ദേശീയം
സി.ബി.എസ്.ഇ സെമസ്റ്റര്‍ പരീക്ഷ നടപ്പാക്കും | സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനും വര്‍ഷത്തില്‍ രണ്ടുതവണയായി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിനും ആലോചന. 2026-27 അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ നോട്ടീസ് | മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ഡോക്കിംഗ് പരീക്ഷണം ഐ.എസ്.ആര്‍.ഒ മാറ്റി | ബഹിരാകാശത്ത് എത്തിച്ച ഇരട്ട ഉപഗ്രഹങ്ങളെ സംയോജിപ്പിക്കു ഡോക്കിംഗ് പരീക്ഷണം ഐ.എസ്.ആര്‍.ഒ മാറ്റിവച്ചു. ഇന്ന് രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലാണ് ഡോക്കിംഗ് തീരുമാനിച്ചിരുന്നത്.
തിരുപ്പതിയില്‍ ആറു പേര്‍ മരിച്ചു | തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.
കായികലോകം
ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം | റിലേ ടീമുകളുടെ കരുത്തില്‍ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാര്‍. 138 നേടി കേരളം ചാമ്പ്യന്‍മാരായപ്പോള്‍ 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി.