സംസ്ഥാനം
പശുക്കളെ തെരയാന്‍ പോയി കാണാതായ സ്ത്രീകളെ കണ്ടെത്തി | കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി. പാറുക്കുട്ടി, മായ ജയന്, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇവരെ കണ്ടെത്താന്‍ രാത്രി വൈകിയും തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടര്‍ന്നു. പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നുള്ള 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചില്‍ നടത്തിയത്. രാവിലെയോടെ ആറു കിലോമീറ്ററോളം കാട്ടിനുള്ളില്‍ നിന്ന് ഇവരെ കണ്ടെത്തി.
വിഴിഞ്ഞം തുടര്‍ കരാര്‍ ഒപ്പിട്ടു | വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയര്‍ത്തിക്കൊണ്ട് രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ 2028 ഡിസംബറില്‍ പൂര്‍ത്തിയാക്കും. ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു. 40 വര്‍ഷത്തെ കരാര്‍ കാലയളവില്‍ തുറമുഖത്തില്‍ നിന്ന് മൊത്തം 54,750 പ്രതീക്ഷിച്ചിരുന്നിടത്ത് 2,15,000 കോടിയാകും. സംസ്ഥാനത്തിന് 35,000 കോടി വരുമാന വിഹിതം ലഭിക്കും. ജി.എസ്.ടിയില്‍ 29,000 കോടിയും.
മുനമ്പത്ത് ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു | മുനമ്പത്തെ ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങളും താല്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്നു ശിപാര്‍ശ ചെയ്യാന്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനോട് സര്‍ക്കാര്‍ നിദേശിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
താല്‍ക്കാലിക വി.സി നിയമനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു | കേരള സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വി.സി. ഇല്ലാതെ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന് നിരീക്ഷിച്ചു.
സജി ചെറിയാന്റെ കേസ് ക്രൈംബ്രാഞ്ചിന് | ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സജി ചെറിയാനെതിരായ കേസിന്റെ തുടരന്വേഷണം ഹൈക്കോടതി ഉത്തരവു പ്രകാരം ക്രൈംബ്രാഞ്ചിന് കൈമാറി. കോടതി ഉത്തരവിന്റെ പകര്‍പ്പും കേസ് ഡയറിയടക്കം രേഖകളും ഇന്നലെ പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ നിശ്ചയിക്കും.
മാളികപ്പുറത്ത് തേങ്ങ ഉരുട്ടണ്ട | ശബരിമല മാളികപ്പുറം ക്ഷേത്രത്തിനു ചുറ്റുമുള്ള തേങ്ങ ഉരുട്ടലും മഞ്ഞള്‍പ്പൊടി വിതറലും ആചാരമല്ലെന്നും ഒഴിവാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് ഉത്തരവിട്ടു. ഇത് ആചാരമല്ലെന്ന് ശബരിമല തന്ത്രിയും വ്യക്തമാക്കിയിരുന്നു.
സൗബിന് ഷാഹിറിന്റെ വീട്ടിലും സിനിമാ കമ്പനിയിലും ആദായനികുതി റെയ്ഡ് | നടനും നിര്‍മ്മാതാവും സംവിധായകനുമായ സൗബിന് ഷാഹിറിന് പങ്കാളിത്തമുള്ള സിനിമാ നിര്‍മ്മാണ, വിതരണ സ്ഥാപനങ്ങളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സിനിമാ നിര്‍മ്മാണത്തിനുള്ള പണത്തിന്റെ സ്രോതസ്, പണമിടപാടുകള്‍ എന്നിവയാണ് പരിശോധിക്കുന്നതെന്നാണ് പ്രാഥമിക വിവരം. നിര്‍മ്മാണ സ്ഥാപനമായ എസ്.ആര്.എം റോഡിലെ പറവ ഫിലിംസ്, വിതരണ സ്ഥാപനമായ പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവയുടെ ഓഫീസുകളിലടക്കം ഇന്നലെ ഉച്ചയ്ക്കുശേഷമാണ് റെയ്ഡ് ആരംഭിച്ചത്.
ബാലഭാസ്കറിന്റെ ഡ്രൈവറും സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തില്‍ | കഴിഞ്ഞ 21ന് പെരിന്തല്‍മണ്ണയില്‍ ജുവലറിയുടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായവരില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും. ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ വാഹനാപകട സമയത്ത് തൃശൂര്‍ പാട്ടുരായിക്കല്‍ കുറിയേടത്ത് മനയില്‍ അര്‍ജുനും (28) കാറിലുണ്ടായിരുന്നു. ഇയാളടക്കം കവര്‍ച്ചാക്കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസ് ഇക്കാര്യം തിരിച്ചറിഞ്ഞത്. കവര്‍ന്ന സ്വര്‍ണവുമായെത്തിയ നാലുപേരെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും മറ്റൊരു വാഹനത്തില്‍ കൂട്ടുപ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അര്‍ജുനായിരുന്നു. മുന്‍പും രണ്ട് കവര്ച്ചാസംഘങ്ങള്ക്കൊപ്പം വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.
ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശം മാറ്റില്ല | ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷന് ബെഞ്ച് ആരാഞ്ഞു. 15 ആനകളെ എഴുന്നളളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണത്രയേശ ക്ഷേത്ര ഭരണസമിതി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിമണനയ്ക്കു വന്നത്.
ഐടിഐ വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ടും ദിവസം ആര്‍ത്തവ അവധി | സംസ്ഥാനത്തെ ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിച്ചു. ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവന് കുട്ടി വ്യക്തമാക്കി. ഐ.ടി.ഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം.
18 പേര കടിച്ച നായക്ക് പേവിഷ ബാധ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്.
ദേശീയം
പ്രീയങ്ക എം.പിയായി സത്യപ്രതിജ്ഞ ചെയ്തു | ഭരണഘടന കൈയ്യിലേന്തി, കേരള കസവു സാരിയണിഞ്ഞ് വയനാടിന്റെ പുത്രിയായി ലോക്സഭയിലെത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.
ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്തു | ജാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്, ഉദയനിധി സ്റ്റാലില്‍ തുടങ്ങിയവര്‍ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങില്‍ പങ്കെടുത്തു.
ലിത്വാനിയന്‍ ചിത്രം ടോക്സികിന് സുവര്‍ണമയൂരം | ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി സൗളി ബിലുവൈറ്റെ സംവിധാനം ചെയ്ത ലിത്വാനിയന്‍ ചിത്രം ‘ടോക്സിക്’. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം മേളയില്‍ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്ക് നല്കി.
മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം വികസിപ്പിച്ചു | അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. കാണ്‍പുര്‍ ഐഐടിയാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ചൈനയെ നിയന്ത്രണത്തിലാക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു | ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ കരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന. 3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈലാണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്.
വിദേശം
ചിന്മയ് കൃഷ്ണദാസിനെ വിട്ടയക്കണമെന്ന് ഷെയ്ഖ് ഹസീന | ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണെന്നും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്നാല്‍ യൂനുസ് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.
കായിക ലോകം
ബ്ലാസ്റ്റേഴ്സിനു തോല്‍വി | കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴിസിനെ ഗോവ പരാജയപ്പെടുത്തിയത്. എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ടെന്നീസ് താരം ഇഗ സ്വിയാടെക്കിന് വിലക്ക് | ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോളണ്ടിന്റെ വനിതാ ടെന്നീസ് താരവും ലോക രണ്ടാം നമ്പര്‍ താരവുമായ ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മരുന്നാണ് വിനയായതെന്ന് താരം സമ്മതിച്ചു.