സംസ്ഥാനം

മൂന്നു ദിവസം കൂടി മഴ തുടരും | സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടുകൂടിയ കനത്ത മഴയ്ക്കു സാധ്യത. 29വരെ തെക്കന്‍ കേരള തീരത്ത് 35 മുതല്‍ 45 കിലോമീറ്റര്‍വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റു വീശും.

തടിലോറി പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം | തൃശൂര്‍ നാട്ടികയില്‍ ദേശീയപാത മേല്‍പ്പാലത്തില്‍ ബാരിക്കേഡുകള്‍ കെട്ടിമറച്ചിരുന്നിടത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് തടിലോറി പാഞ്ഞുകയറി രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. വണ്ടി ഓടിച്ചിരുന്നത് സഹായിയാണെന്നും ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലായെന്നുമാണ് പ്രാഥമിക വിവരം.

ഗോത്രവര്‍ഗക്കാരുടെ കുടിലുകള്‍ രാത്രി പൊളിച്ചു, സസ്‌പെന്‍ഷന്‍ | ആദിവാസി വിഭാഗക്കാര്‍ താമസിച്ചിരുന്ന കുടിലുകള്‍ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോല്‍പ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വര്‍ഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു. ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു.

പാങ്ങപ്പാറ ആശുപത്രി ക്യാന്റീന്‍ ഭക്ഷണത്തില്‍ അട്ട | തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയില്‍ അട്ടയെന്ന് പരാതി. ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ക്യാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്.

പാലക്കാട്ടെ ബി.ജെ.പി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് | ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാണ്. അതിനിടെ, പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് നേതാക്കള്‍. ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എംപിയും വ്യക്തമാക്കി. അതൃപ്തരായ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികള്‍ക്ക് ബി ജെ പിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സില്‍ നടപടി | മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്സ്. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്. കരാര്‍ ഇല്ലെന്ന് രവി ഡിസി മൊഴി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്‌സ് വ്യക്തമാക്കി.

കാരക്കോണം മെഡിക്കല്‍ കോളജില്‍ കര്‍ണാടക പോലീസിന്റെ റെയഡ് | തിരുവനന്തപുരത്തെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ കര്‍ണ്ണാടക പോലീസിന്റെ റെയ്ഡ്. കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പരിശോധന. കര്‍ണ്ണാടക സ്വദേശികളില്‍ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നല്‍കാത്തതില്‍ കര്‍ണ്ണാടക മല്ലേശ്വരം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാള്‍ കാശ് തട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാത്തതിനാല്‍ കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡുമായി പോലീസ് എത്തിയത്.

നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം | ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. അന്വേഷണവുമായി സഹകരിക്കാനും പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയം

മതനിരപേക്ഷത, സോഷ്യലിസം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളായി മാറിക്കഴിഞ്ഞു, വിശദപരിശോധന അര്‍ഹിക്കുന്നില്ലെന്ന് സുപ്രീം കോടതി | ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976ലെ 42-ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ് സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. ആമുഖം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോള്‍ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.

സംഭലില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു | ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ചന്ദൗസിയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വോയുമായി ബന്ധപ്പെ്ട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

സ്തംഭനത്തോടെ തുടങ്ങി പാര്‍ലമെന്റ് ശീതകാല സമ്മേളനം | പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ ഇരുസഭകളും സ്തംഭിച്ചു. വ്യവസായി ഗൗതം അദാദിക്കെതിരെയുള്ള അഴിമതി ആരോപണം, മണിപ്പൂര്‍ കലാപം തുടങ്ങിയവയാണ് ബഹളത്തിലേക്ക് സഭയെ തള്ളിവിട്ടത്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സഭാധ്യക്ഷന്‍ അനുവദിച്ചില്ല.

മുണ്ടക്കൈ- ചൂരല്‍മല പാക്കേജ് അനുവദിക്കും | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള ധനസഹായ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി. അതേസമയം, വയനാട് ദുരന്തത്തില്‍ കേന്ദ്രം ആളുകളെ പറ്റിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ട | ഓര്‍ത്തോഡോക്‌സ്- യാക്കോബായ സഭാ പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയടക്കം ഇരുപതോളം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഒഴിവാക്കി സുപ്രീംകോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പുറംകടലില്‍ വന്‍ ലഹരിമരുന്നു വേട്ട | ആന്‍ഡമാന്‍ കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മയക്കു മരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഏകദേശം 6000 കിലോ മയക്കു മരുന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കായികലോകം

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം | ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 295 റണ്‍സിന്റെ റെക്കാഡ് ജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 534 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ നാലാം ദിനം രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here