സംസ്ഥാനം

ഒപി ടിക്കറ്റിന് 10 രൂപ | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഈടാക്കും. ബി.പി.എല്‍ വിഭാഗത്തെ നിരക്കില്‍ നിന്ന് ഒഴിവാക്കാനും ആശുപത്രി വികസന സിമിതി തീരുമാനിച്ചു.

വിഴിഞ്ഞം കേന്ദ്രീകരിച്ച് 10,000 ഏക്കറില്‍ ത്രികോണ വ്യവസായ ഇടനാഴി | വിഴിഞ്ഞത്തു നിന്ന് തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 10,000 ഏക്കര്‍ വിസ്തൃതിയില്‍ ത്രികോണ സാമ്പത്തിക വ്യവസായ വളര്‍ച്ചാ മേഖല അടുത്ത വര്‍ഷം തുടങ്ങും. മൂന്നു വര്‍ഷത്തിനകം പൂര്‍ണമാകുമ്പോള്‍ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപവും 15 ലക്ഷം തൊഴില്‍ അവസരങ്ങളും പ്രതീക്ഷിക്കുന്നു. പ്രാരംഭ ചെലവിനു കിഫ്ബി 10,000 കോടി വകയിരുത്തി.

പാലക്കാട് വിധി എഴുതുന്നു | ഏറെ ട്വിസ്റ്റുകള്‍ക്കൊടുവില്‍, നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലം ഇന്ന് വിധി എഴുതുന്നു. രാവിലെ ഏഴിനു തുടങ്ങിയ പോളിംഗ് വൈകുന്നേരം ആറിനു തീരും. മണ്ഡത്തില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അനുമതിയില്ലാത്ത പരസ്യം വിവാദമായി | സന്ദീപ് വാര്യയുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടത്തിയുളള ഇടതു മുന്നണി പത്രപരസ്യം വിവാദമായി. മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് പരസ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.

വിജയലക്ഷ്മിയെ കൊന്നു കുഴിച്ചുമൂടി | കൊല്ലം ആദിനാട്ടുനിന്നു കാണാതായ വിജയലക്ഷ്മിയെ അമ്പലപ്പുഴയ്ക്കടുത്ത് കരൂരില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി ജയചന്ദ്രനെ പോലീസ് റിമാര്‍ഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അമ്പലപ്പുഴ പോലീസിനു കൈമാറും.

നടന്‍ സിദ്ദിഖിനു ജാമ്യം | യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖിനു സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ദേശീയം

വോട്ടിന് നോട്ട് കേസില്‍ കുടുങ്ങി ബി.ജെ.പി നേതാവ് | മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയുടെ യോഗം നടന്ന ഹോട്ടലില്‍ നിന്ന് 9.93 ലക്ഷം രൂപ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് കേസ് എടുത്തു. . പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. നേതാവിനുനേരെ നോട്ടുകള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

മാവോയിസ്റ്റ് നേതാവിനെ വധിച്ചു | കേരളത്തിലുള്‍പ്പെടെ മാവോയിസ്റ്റുകളുടെ സായുധ പരിശീലനത്തിനു നേതൃത്വം നല്‍കിയിരുന്ന കമാന്‍ഡര്‍ വിക്രം ഗൗഡ കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

മണിപ്പുര്‍ അതിര്‍ത്തി അടച്ച് അസം | കലാപം രൂക്ഷമായതോടെ മണിപ്പൂരുമായുള്ള അതിര്‍ത്തി അടച്ച അസം അവിടെ കമാന്‍ഡോകളെ വിന്യസിച്ചു.

വിദേശം

ഇന്ത്യ- ചൈന വിമാന സര്‍വീസ് പുനസ്ഥാപിച്ചേക്കും | ബന്ധം മെച്ചപ്പെടുത്തുന്നതിന് നിര്‍ണായക നിര്‍ദേശങ്ങളുമായി ചൈന. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി ആവശ്യപ്പെട്ടു. വിസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് ചൈനയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

യുക്രൈന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയെന്ന് റഷ്യ | യുക്രൈന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈല്‍ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയിലേക്ക് ആറ് മിസൈലുകള്‍ യുക്രൈന്‍ തൊടുത്തുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കായിക ലോകം

പന്തുതട്ടാന്‍ അര്‍ജന്റീന വരുന്നു | കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. മെസി എത്തുന്നതിലും എഎഫ്എ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടായേക്കും. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here