സംസ്ഥാനം
വയനാട്ടില്‍ ഇന്നു ഹര്‍ത്താല്‍ | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള യുഡിഎഫ്, എല്‍ഡിഎഫ് ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
പാലക്കാട് നാളെ വിധി എഴുതും | നിശബ്ദ പ്രചാരണം പുരോഗമിക്കുന്ന പാലക്കാട് നാളെ ബൂത്തിലേക്ക്. 1,94,706 വോട്ടര്‍മാരാണ് ഉള്ളത്.
മനമ്പത്ത് ലീഗ് ലത്തീന്‍സഭാ സമവായം | മുനമ്പം വഖഫ് ഭൂമി സമരത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ലത്തീന്‍ സഭാ നേതൃത്വവുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമവായത്തിന് വഴി തെളിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ 22ന് നടത്തുന്ന വിളിച്ചിട്ടുള്ള ഉന്നതതല യോഗത്തില്‍ സമവായനിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം മൂന്നിന് കൊച്ചിയിലെ വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തിയ ലീഗ് അദ്ധ്യക്ഷന്‍ പണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ആര്‍ച്ച് ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. അതിരൂപതയിലെ 16 മെത്രാന്‍മാരും മുനമ്പം സമരസമിതി അംഗങ്ങളും പങ്കെടുത്തു.
കരട് വിജ്ഞാപനത്തില്‍ 1510 പുതിയ വാര്‍ഡുകള്‍ | ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുള്ള ഡീലിമിറ്റേഷന്‍ കമ്മിഷന്റെ കരട് വിജ്ഞാപനത്തില്‍ 1510 പുതിയ വാര്‍ഡുകള്‍. കോര്‍പ്പറേഷനില്‍ ഏഴും നഗരസഭകളില്‍ 128, ഗ്രാമപഞ്ചായത്തില്‍ 1375 വാര്‍ഡുകളാണ് വര്‍ദ്ധിക്കുന്നത്.
ഭര്‍തൃബന്ധുക്കളുടെ ശരീര അധിക്ഷേപവും ഗാര്‍ഹിക പീഡനം | സ്ത്രീകള്‍ക്കു ഭര്‍തൃവീട്ടില്‍ ശാരീര അധിക്ഷേപമുണ്ടായാല്‍ അതു ഗാര്‍ഹിക പീഡനമാണെന്നു ഹൈക്കോടതി. ഭര്‍തൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ആ വീട്ടിലുണ്ടെങ്കില്‍ ഗാര്‍ഹിക പീഡനം ബാധകമായ ബന്ധുക്കളുടെ ഗണത്തില്‍പ്പെടും. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭര്‍തൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം മലപ്പുറത്തിന് | സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും മലപ്പുറം ജില്ലായ്ക്ക് കിരീടം.
ദേശീയം
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ് | മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ രാജിക്കായി മുറവിളി ശക്തമായി. ജിരിബാമില്‍ കലാപത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പ്പില്‍ കെ.അതൗബ (20) കൊല്ലപ്പെട്ടു. 50 കമ്പനി (5000) കേന്ദ്രസേന കൂടി മണിപ്പൂരിലേക്ക് പുറപ്പെട്ടു.
ഡേറ്റ പങ്കുവയ്ക്കണ്ട, മെറ്റയ്ക്ക് മുട്ടന്‍പിഴ | വാട്‌സാപ്പ് ഉപയോക്തക്കളില്‍ നിന്നു ശേഖരിക്കുന്ന ഡേറ്റ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുളള്ള സഹോദര പ്ലാറ്റ്‌ഫോമുകളുമായി പങ്കുവയ്ക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരില്‍ കോംപറ്റീഷന്‍ ക്മ്മിഷന്‍ ഓഫ് ഇന്ത്യ മെറ്റ കമ്പനിക്ക് 213.14 കോടി രൂപ പിഴയിട്ടു. വാട്‌സ്ആപ്പ് വഴി ശേഖരിക്കുന്ന ഡേറ്റ പരസ്യ ആവശ്യത്തിനു മറ്റു പ്ലാറ്റ്‌ഫോമുകളുമായി പങ്കുവയ്ക്കുന്നത് അഞ്ചു വര്‍ഷത്തേക്കു വിലക്കി.
സഞ്ജയ് മൂര്‍ത്തി സിഎജി | മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. സഞ്ജയ് മൂര്‍ത്തിയെ സി.എ.ജി (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ) ആയി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമനം അംഗീകരിച്ചതിനു പിന്നാലെ,ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 1989 ബാച്ച് ആന്ധ്രാ പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മൂര്‍ത്തി നിലവില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ്. ഗിരീഷ് ചന്ദ്ര മുര്‍മു നവംബര്‍ 20ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ജിസാറ്റ് 20 വിക്ഷേപിച്ചു | ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലും സമുദ്ര ആകാശ പരിധികളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ജിസാറ്റ് 20 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കേപ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വിദേശം
റഷ്യയ്‌ക്കെതിരെ യുക്രെയിന് യു.എസ് ദീര്‍ഘദൂര മിസൈലുകള്‍ | 300 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള യു.എസ്. നിര്‍മിത മിസൈലുകള്‍ റഷ്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ യുക്രെയിന് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അനുമതി നല്‍കി. മൂന്നാം ലോകമഹാ യുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പ്രതികരിച്ചു. ഉത്തര കൊറിയന്‍ സേന റഷ്യയ്‌ക്കൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് ബൈഡന്റെ നയംമാറ്റം.
ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രി | ഹരിണി അമരസൂര്യയുടെ നേതൃത്വത്തില്‍ 21 പേരടങ്ങുന്ന മന്ത്രിസഭ ശ്രീലങ്കയില്‍ അധികാരമേറ്റു.