സംസ്ഥാനം

ലൈസന്‍സ് പുതുക്കാനുള്ള പിഴ വെട്ടിക്കുറച്ചു | നഗരസഭകളില്‍ വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസന്‍സുകള്‍ വൈകി പുതുക്കുന്നതിനുള്ള ഫീസ് കുറച്ചു. നികുതികള്‍ അശാസ്ത്രീയമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപി.

ഹരിതകര്‍മ്മ യൂസര്‍ഫീ ഉത്തരവ് പിന്‍വലിക്കും | അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മ്മ സേനയ്ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്ന മാര്‍ഗരേഖ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കി. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

കുറുവ സംഘം കസ്റ്റഡിയില്‍ | വിലങ്ങുമായി ചാടിപ്പോയ കുറുവ സംഘാംഗമെന്നു സംശയിക്കുന്ന പ്രതിയെ വെള്ളത്തില്‍ നിന്നു പൊക്കി പോലീസ്. ആലപ്പുഴ പോലീസ് കുണ്ടന്നൂരിന്‍ നിന്നു പിടികൂടിയ പ്രതിയാണ് സംഘത്തിലെ വനിതകള്‍ പ്രതിരോധം സൃഷ്ടിക്കുന്നതിനിടെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചത്. നാലര മണിക്കൂര്‍ കായലും കരയും അരിച്ചു പറക്കിയാണ് നിരവധി കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെല്‍വനെ പോലീസ് പിടികൂടിയത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന മണികണ്ഠന്‍ എന്നൊരാളെയും ആലപ്പുഴയിലേക്കു കൊണ്ടുപോയി. സന്തോഷിന്റെ ഭാര്യ, അമ്മ തുടങ്ങിയവരും സംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സന്ദീപ് വാര്യര്‍ ബിജെപി വിട്ടു, കോണ്‍ഗ്രസില്‍ ചേര്‍ന്നു | പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഔദ്യോഗിക നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസ് ക്യാമ്പിലെത്തി. ഇന്ന് രാവിലെ പാണക്കാട് എത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു. ഇന്നലെ പത്രസമ്മേളനത്തിനിടെ പാലക്കാട്ടെ കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ സന്ദീപിനെ കെ സുധാകരനും വിഡി സതീശനടക്കമുള്ള നേതാക്കള്‍ ഷോള്‍ അണിയിച്ച് സ്വാഗതം ചെയ്തു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചുവെന്നതാണ് തന്റെ തെറ്റെന്നും സന്ദീപ് പറഞ്ഞു. താനിന്ന് ഈ നിമിഷം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയില്‍ കിട്ടിയതിനെക്കാള്‍ വലിയ കസേരകള്‍ സന്ദീപിനു കിട്ടട്ടെയെന്ന് ബി.ജെ്.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പരിഹസിച്ചു. സന്ദീപ് ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ഭരണവര്‍ഗ പാര്‍ട്ടിയിലേക്ക് മാറിയെന്നും ബി.ജെ.പി വിട്ടത് നന്നായെന്നും സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരോക്ഷമായി വിമര്‍ശിച്ച് കെ. മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം വിമര്‍തര്‍ പിടിച്ചു | സി.പി.എം കോണ്‍ഗ്രസ് വിമത സഖ്യം കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നു ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചു. ഒരു പകല്‍ നീണ്ട ഏറ്റുമുട്ടലിനിടെ, കെ.പി.സി.സി. നേതാക്കള്‍ക്ക് അടക്കം പരിക്കേറ്റു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറിനു തുടങ്ങി.

രഞ്ജിത് പ്രതിയായ കേസില്‍ കുറ്റപത്രം നല്‍കി | സിനിമാ മേഖലയിലെ ലൈംഗികപീഡന കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘം ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന ബംഗാളി നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച നൂറിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 35 സാക്ഷിമൊഴികളും തെളിവുകളുടെ വിവരങ്ങളുമാണുള്ളത്.

വാതില്‍പടി വിതരണക്കാര്‍ സമരം അവസാനിപ്പിച്ചു | സംസ്ഥാനത്തെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാതില്‍പ്പടി വിതരണം നടത്തുന്ന കരാറുകാര്‍ തുടര്‍ന്നുവന്നിരുന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് | സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് പത്തു രൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പൂഞ്ഞാര്‍ മിന്ത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു | ജ്യോതിഷിയും വാഗ്മിയും ഗ്രന്ഥകാരനുമായ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട് (95) വട്ടിയൂര്‍ക്കാവ് മണികണേ്ഠശ്വരം ക്ഷേത്രത്തിനു സമീപം ഐശ്വര്യ ബംഗ്ലാവില്‍ അന്തരിച്ചു. തൃപ്പൂണിത്തുറ ഏരൂരിലെ എളപ്രക്കോടത്ത് മനയിലെ അംഗമാണ്.

ദേശീയം

മണിപ്പൂരില്‍ വീണ്ടും കലാപം | ജിരിബാമില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും അടങ്ങിയ ആറംഗ സംഘത്തെ കൊല്ലപ്പെടുത്തിയെന്ന കണ്ടെത്തലിനു പിന്നാലെ മണിപ്പൂര്‍ വീണ്ടും സ്‌ഫോടനാത്മകം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനയോട് നിര്‍ദേശിച്ചു. പ്രധാന കേസുകള്‍ എന്‍.ഐ.എയ്ക്ക് കൈമാറി.

വിദ്വേഷ പ്രസംഗത്തില്‍ നടി കസ്തൂരി അറസ്റ്റില്‍ | വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഒളിവിലായിരുന്ന നടപടി കസ്തൂരിയെ ഹൈദരാബാദില്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

കായികലോകം

ടൈസനെ വീഴ്ത്തി ജേക്ക് പോള്‍ പഞ്ച് | 19 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബോക്സിങ് റിങ്ങിലേക്കുള്ള മടങ്ങിവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസണ് തോല്‍വി. ബോക്‌സിങ് താരമായി മാറിയ പഴയ യൂട്യൂബറും 27 കാരനുമായ ജേക്ക് പോളിനോടായിരുന്നു 58 കാരനായ ടൈസന്റെ തോല്‍വി. ടെക്സാസിലെ ആര്‍ലിങ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here