സംസ്ഥാനം
ശരണമന്ത്രങ്ങളുടെ മണ്ഡലകാലം തുടങ്ങി | വൈകുന്നേരം നാലു മണിയോടെ കണ്ഠരര് രാജീവര്, മകന്‍ കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ ദീപം തെളിച്ചു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തില്‍ അഗ്‌നി പകര്‍ന്നു. ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു. അയ്യനെ വണങ്ങിയ അരുണ്‍കുമാര്‍ നമ്പൂതിരിയെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശ്രീകോവിലിനുള്ളില്‍ അയ്യപ്പ വിഗ്രഹത്തിന് സമീപമിരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. മാളികപ്പുറത്ത് നടന്ന ചടങ്ങില്‍ വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി അവരോധിച്ചു.
ഗൂഗിള്‍ മാപ്പ് ചതിച്ചോ ? രണ്ട് നടിമാര്‍ക്ക് ദാരുണാന്ത്യം | കായകുളം ദേവ കമ്മ്യുണിക്കേഷന്‍സിന്റെ വനിതാമെസ് നാടകം കടന്നപ്പള്ളി തെക്കേക്കര റെസ്റ്റാറിന്റെ നാടകോത്സവത്തില്‍ അവതരിപ്പിച്ച് മടങ്ങിയ സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് രണ്ട് നടിനടന്മാര്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് പരിക്ക്. കായംകുളം മുതുകുളം തെക്ക് ഹരിശ്രീഭവനില്‍ അഞ്ജലി (32), ഓച്ചിറ സ്വദേശിനി ജെസി മോഹന്‍ (58) എന്നിവരാണ് മരണപ്പെട്ടത്. കേളകം മലയാമ്പാടിയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനാണ് അപകടം. അപകടത്തില്‍പ്പെടുമ്പോള്‍ ബസിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
മുണ്ടക്കൈയില്‍ വേണ്ട സഹായങ്ങളെല്ലാം ഉണ്ടാകുമോ ? | മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നു കരകയറാന്‍ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുകയോ ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുകയോ ചെയ്യാത്ത കേന്ദ്ര നിലപാടിനെതിരെ 19ന് വയനാട്ടില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതീതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍ല്‍ നിന്നുള്ള അധിക ഫണ്ടിനുള്‍പ്പെടെ സംസ്ഥാനം അര്‍ഹത നേടും. വായപാ തിരിച്ചടവില്‍ ആശ്വാസവും ദുരന്തബാധിതര്‍ക്ക് ഇളവോടെ പുതിയ വായപകളും ലഭിക്കും. ഇതിനായി സമര്‍പ്പിച്ച പ്രൊവിഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കേന്ദ്രം പഠിച്ചു വരികയാണെന്നാണ് ഔദ്യോഗിക മറുപടി. കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി.
ജയരാജനെ വിശ്വസിച്ചു, പാര്‍ട്ടി അന്വേഷിക്കില്ല | എഴുതാത്ത കാര്യങ്ങളാണ് ആത്മകഥയെന്ന പേരില്‍ പുറത്തുവന്നതെന്ന ഇ.പി. ജയരാജന്റെ വാദം വിശ്വസിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പിന്നില്‍ രാഷ്ട്രീയ എതിരാളികളാണോയെന്നതു പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും ബാക്കി കാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കാമെന്നും സി.പി.എം സ്ംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തു. ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തെത്തി.
തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരട് തിങ്കളാഴ്ച | തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിസംബര്‍ മൂന്നുവരെ പരാതികള്‍ അറിയിക്കാം.
അന്‍വറിനെതിരെ ശശിയുടെ അപകീര്‍ത്തി കേസ് | പി.വി.അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതികളില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളാണെന്ന് ശശി കോടതിവളപ്പില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പി.ശശി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.
ദേശീയം
യുപിയില്‍ മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 10 കുഞ്ഞുങ്ങള്‍ മരിച്ചു | ഉത്തര്‍പ്രദേശിലെ ത്സാന്‍സി ജില്ലയിലെ മെഡിക്കല്‍ കോളജിലുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ട് തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. 16 കുഞ്ഞുങ്ങള്‍ക്കു പൊള്ളലേറ്റു. വെളളിയാഴ്ച രാത്രി പത്തരയോടെ ഉണ്ടായ അപകടത്തില്‍ 37 കുട്ടികളെ രക്ഷപെടുത്തി.
നാവികസേനയില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വാക്കുകള്‍ | മെസ്മാനുപകരം മെസ് സ്റ്റാഫ്, മാന്‍കൈന്‍ഡ് എന്നത് ഇനി ഹ്യുമനിറ്റി… വാക്കുകളില്‍ നാവികസേന ജെന്‍ഡര്‍ ന്യൂട്രലായി. യുദ്ധക്കപ്പലുകളില്‍ ഉള്‍പ്പെടെ വനിതകളെ നിയമിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ ശൈലി.
ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ | ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായിരിക്കെ, കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഓഫീസ് സമയങ്ങളില്‍ മാറ്റം കൊണ്ടുവന്നു. അഞ്ചാം ക്ലാസുവരെയുള്ള പഠനം ഓണ്‍ലൈനാക്കി. റിയല്‍ ടൈം വായുനിലവാരത്തില്‍ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ വായു നിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) അപകടകരമായ വിഭാഗമായ 1000 കടന്നു. ആനന്ദ് വിഹാറില്‍ 1105ഉം ദ്വാരക സെക്ടര്‍ എട്ടില്‍ 1057ഉം. ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള രണ്ടാമത്തെ നഗരം ഡല്‍ഹിയാണ്.
ഉഭയസമ്മതമെങ്കിലും പ്രായം 18നു താഴെയെങ്കില്‍ മാനഭംഗം തന്നെ | പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാനഭംഗത്തിന്റെ പരിധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി.
കായികലോകം
സെഞ്ച്വറി നേടി സഞ്ജു, ഇന്ത്യയ്ക്ക് പരമ്പര | ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ട്വന്റി 20 യില്‍ പുറത്താകാതെ സെഞ്ച്വറി നേടി സഞ്ജു സാംസ(109)ണും തിലക് വര്‍മ്മ(120)യും. മത്സരം 135 റണ്‍സിനു വിജയിച്ച ഇന്ത്യ പരമ്പര 3-1 ന് സ്വന്തമാക്കി.
കേരളത്തിന്റെ 10 വിക്കറ്റ് എടുത്ത് അന്‍ഷൂല്‍ | ഹരിയാന കേരള രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ അവശേഷിക്ക രണ്ടു വിക്കറ്റു കൂടി എടുത്ത് അന്‍ഷൂര്‍ പത്തെണ്ണം പൂര്‍ത്തിയാക്കി. രഞ്ജിയുടെ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നേടുന്ന മൂന്നാമനും ഫസ്റ്റ് ക്ലാസില്‍ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യക്കാരനുമായി അന്‍ഷൂല്‍.