സംസ്ഥാനം
നവീന്‍ ബാബു കേസില്‍ സിബിഐ വരില്ല | കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ ഡി. മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കണമെന്നും നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
ഇനി യു.ഡി.എഫിനൊപ്പം പോരാട്ടമെന്ന് പി.വി. അന്‍വര്‍ | പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. ഇനി ഒറ്റയാള്‍ പോരാട്ടമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് നിരത്തില്‍ വാദങ്ങള്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൂര്‍ണ്ണമായും തള്ളിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ തവനൂര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയശേഷമാണ് അന്‍വറിന്റെ നിലപാട് വ്യക്തമാക്കല്‍.
7.11 ലക്ഷം വോട്ടര്‍മാര്‍ കൂടി | കേരളത്തിലെ യുവജനങ്ങളില്‍ 70 ശതമാനവും വോട്ടര്‍പട്ടികയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുക്കുകള്‍ക്കുള്ള വോട്ടര്‍പട്ടിക വാര്‍ഷിക പുതുക്കല്‍ പദ്ധതിയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സംസ്ഥാനത്ത് ആകെ വോട്ടര്‍മാര്‍ 2.78 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.11 ലക്ഷം വോട്ടര്‍മാരുടെ വര്‍ദ്ധനവ്. കേരളത്തിലെ വോട്ടര്‍മാരില്‍ 58 ശതമാനവും 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 18നും19നും ഇടയിലുള്ളത് 1.07 ശതമാനം മാത്രമാണ്.
ബസ് കൊക്കിലേക്ക് മറിഞ്ഞ് നാലു മരണം | കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്തു നിന്ന് എട്ടു കിലോമീറ്റര്‍ അകലെ പുല്ലുപാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സ് ബസ് 30 അടി താഴ്ചയിലേക്കു മറിഞ്ഞു നാലു പേര്‍ മരിച്ചു. ബജറ്റ് ടൂറിസം യാത്രയുടെ ഭാഗമായി തഞ്ചാവൂരും മധുരയും സന്ദര്‍ശിച്ചശേഷം മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്നു ബസ്.
കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടു മാസത്തെ പെന്‍ഷന്‍ മുടങ്ങി | എല്ലാമാസവും അഞ്ചിനകം വിതരണം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കേ, കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടു മാസത്തെ പെന്‍ഷന്‍ മുടങ്ങി.
കോണ്‍ഗ്രസിനെ വെട്ടിലാക്കി ജില്ലാ ട്രഷറുടെ ആത്മഹത്യാക്കുറിപ്പ് | വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യ കുറിപ്പും മകന് എഴുതിയ മരണമൊഴിയും പുറത്ത്. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ഡി.സി.സി ട്രഷറര്‍ കെ. കെ.ഗോപിനാഥന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി നേതൃത്വത്തിന് എഴുതിയ കത്തിലുള്ളത്.
ദേശീയം
ഉത്തരേന്ത്യയില്‍ ഭൂചലനം | ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനമെന്ന് റിപ്പോര്‍ട്ട്. 7.1 തീവ്രത രേഖപ്പെടുത്തിയ നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെയാണ് ഉത്തരേന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
അഞ്ചു കുഞ്ഞുങ്ങള്‍ക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു | രാജ്യത്ത് അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) സ്ഥിരീകരിച്ചു. രണ്ടു കുഞ്ഞുങ്ങള്‍ക്ക് ബംഗളൂരുവിലും, ചെന്നൈ, സേലം, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരുടെയും നില തൃപ്തികരമാണ്. ഇന്ത്യയില്‍ 2001 മുതല്‍ തണുപ്പുകാലത്തു റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണിതെന്നും ആശങ്ക വേണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വി.സി. നിയമനത്തില്‍ ചാന്‍സലര്‍മാര്‍ക്ക് കൂടുതല്‍ അധികാരം | വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയെ നിശ്ചയിക്കുക ഇനി മുതല്‍ ചാര്‍സലര്‍മാരായിരിക്കും. ചാന്‍സലര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമപരിഷ്‌കാരത്തിന്റെ കരട് യു.ജി.സി വിജ്ഞാപനം ചെയ്തു. കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളാകും സേര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. അപേക്ഷകരില്‍നിന്ന് കമ്മിറ്റി നിര്‍ദേശിക്കുന്ന 3-5 പേരില്‍ ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍നിയമനത്തിനും അനുമതിയുണ്ട്.
എട്ടു പോലീസുകാര്‍ക്ക് വീരമൃത്യു | മാവോയിസറ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ വാഹനം തകര്‍ന്ന്് ഛത്തീസ്ഗഡില്‍ എട്ടു പോലീസുകാര്‍ക്ക് വീരമൃത്യു. രാജ്യത്ത് 2026 മാര്‍ച്ചോടെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
വിദേശം
ഇന്ത്യയോട് ഇടഞ്ഞ ട്രൂഡോയുടെ കസേര പോയി | ലിബറല്‍ പാര്‍ട്ടി നേതാവും കാനഡ പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ (53) രാജി പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടി എം.പിമാര്‍ എതിരായതോടെയാണ് തീരുമാനം. പുതിയ നേതാവിനെ തീരുമാനിച്ചശേഷം മാര്‍ച്ച് 24ന് ആണ് ഇനി പാര്‍ലമെന്റ് ചേരുക.