സംസ്ഥാനം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്നു അരങ്ങുണരും | അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞു. ഇന്നു രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 25 വേദികളിലായി 249 ഇനങ്ങളിലായി പതിനയ്യായിരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

എ ഗ്രേഡിന് ട്രോഫികള്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇക്കുറി എ ഗ്രേഡ് നേടുന്ന കുട്ടികള്‍ക്കെല്ലാം ട്രോഫികള്‍ ലഭിക്കും. പതിനയ്യായിരത്തിലധികം ട്രോഫികളാണ് ഒരുക്കിയിട്ടുള്ളത്. ഗോത്രകലകള്‍ കൂടി ഇക്കുറി കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പെരിയയിലെ അരുംകൊലയ്ക്ക് ജീവപര്യന്തം | പെരിയയിലെ ഇരട്ടക്കൊലയില്‍ 10 പ്രതികള്‍ക്കു ജീവപര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ വീതം പിഴയും സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റു നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവാണ് ശിക്ഷ. ഇവരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു.

പുതിയ റേക്ക് കൊച്ചുവേളിയിലെത്തി | കോട്ടയം വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിനായി 20 കോച്ചുള്ള പുതിയ റേക്ക് കൊച്ചുവേളിയിലെത്തി. 20 കോച്ചുകളിലായി 1440 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

പുകവലി വിഷയത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി | പുകവലിയെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. യു പ്രതിഭ എംഎല്‍എയുടെ മകന്‍ പ്രതിയായ കഞ്ചാവ് കേസില്‍ പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല താനും പുകവലിക്കാറുണ്ടെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയേലാണ് പരാതി നല്‍കിയത്. കുട്ടികളെ പുകവലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

പ്രതികള്‍ക്ക് ഇടക്കാല ജാമ്യം | കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഇടക്കാലജാമ്യം. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിനും മറ്റു പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും.

വിപി അനില്‍ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി | സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിലിനെ ഏക കണ്ഠമായി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആരോഗ്യപ്രശ്‌നങ്ങളാല്‍ ഒഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു.

ദേശീയം

ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി | ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ സ്വകാര്യ ഭൂമി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം വൈകിയാല്‍, വിതരണം ചെയ്യുമ്പോഴത്തെ മാര്‍ക്കറ്റ് വില നല്‍കേണ്ടിവരും. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ബംഗളൂരു – മൈസൂര്‍ കോറിഡോറിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചുള്ള വിധിയെഴുത്ത്.

കുട്ടികളുടെ വിവരം ശേഖരിക്കാന്‍ അനുമതി വാങ്ങണം | കുട്ടികള്‍ക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ തുടങ്ങാന്‍ രക്ഷിതാക്കളുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന ഡേറ്റാ സംരക്ഷണ ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനു മുമ്പ് മാതാപിതാക്കളുടെ അനുമതി വാങ്ങണം. അനുമതി നല്‍കുന്ന കാലത്തേക്കു മാത്രമേ ഡേറ്റ ഉപയോഗിക്കാനാകൂ.

വിദേശം

പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ വന്നവരെ സേന തടഞ്ഞു | ദക്ഷിണ കൊറിയയില്‍ സസ്പെന്‍ഷനിലായ പ്രസിഡന്റ് യൂന്‍ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് സുരക്ഷാ സേനയും സൈന്യവും. ഇന്നലെ തലസ്ഥാനമായ സോളിലെ യൂനിന്റെ വസതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. രാവിലെ അന്വേഷണ ഉദ്യോഗസ്ഥരും പോലീസും യൂനിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ 200ഓളം പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകളും സൈനികരും ചേര്‍ന്ന് തടയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here