സംസ്ഥാനം
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി | ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനാല്‍ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.
ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും | സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സ്‌കൂളുകള്‍ക്ക് വിലക്ക് | കൊച്ചിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ചാമ്പ്യന്‍പട്ടം വിവാദത്തില്‍ പരസ്യപ്രതിഷേധം നടത്തിയ രണ്ടു സ്‌കൂളുകള്‍ക്ക് അടുത്ത സ്‌കൂള്‍ കായികമേളയില്‍ സര്‍ക്കാരിന്റെ വിലക്ക്. മലപ്പുറം തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസ്, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കുളുകള്‍ക്കെതിരെയാണ് നടപടി.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 101 കോടി നഷ്ടമായി ? | മുങ്ങിത്താഴുന്നതിനിടെ അനില്‍ അംബാനിയുടെ കമ്പനിയില്‍ 60.80 കോടി നിക്ഷേപിച്ചെന്നും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പലിശ സഹിതം 101 കോടി രൂപ നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിക്ഷേപത്തില്‍ നിയമവുരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു മുന്‍ധനമന്ത്രി തോമസ് ഐസക്കും നിലവിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലും പ്രതികരിച്ചു. പണം വീണ്ടെടുക്കാന്‍ നിയമപോരാട്ടം തുടരുകയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
എസ്. ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായര്‍ (85) ബംഗളൂരുവില്‍ അന്തരിച്ചു.
രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി ചുമതലയേറ്റു | രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഗവര്‍ണറുടെ ആദ്യ ഇടപെടല്‍ | ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ സര്‍ക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വലയത്തിലെ വിശ്വസ്തരായിരുന്ന ഏതാനും പോലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഡിജിപിയുടെ ചുമതലയുള്ള എഡിജിപി ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി ഗവര്‍ണര്‍ തിരുത്തിയത്. ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് ഗവര്‍ണറോട് പരാതി പറഞ്ഞതെന്നാണ് വിവരം. ഇതോടെ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് നടപ്പാകാതെ പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദേശീയം
കായിക പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു | പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട വെങ്കലം നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗര്‍, പാരാ അത്ലറ്റിക്‌സ് താരം പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന. മലയാളി നീന്തല്‍താരം സാജന്‍ പ്രകാശ് ഉള്‍പ്പടെ 32 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും മലയാളി ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരന് ലൈഫ് ടൈം കാറ്റഗറിയില്‍ ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. ജനുവരി 17ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു.
രീതി പരിഷ്‌കരിക്കാനായി 18 അംഗ സമിതി | മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് നിര്‍ണയിക്കുന്ന രീതി പരിഷ്‌കരിക്കാനായി നീതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയോഗിച്ചു. ചെറുകിട വിപണിയിലെ വിലക്കയറ്റ സൂചികയും പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. നിലവില്‍ വിലക്കയറ്റ് നിരക്ക് കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2011-12 ആണ്. ഇത് പുതിയ രീതിയില്‍ 2022-23 ആകും.
ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ചട്ടങ്ങള്‍ അടുത്ത ആഴ്ച നവീകരിക്കും | യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങളോട് യോജിക്കും വിധം നവീകരിച്ച ജൈവകാര്‍ഷിക ഉല്‍പ്പന്ന ചട്ടങ്ങള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം അടുത്തയാഴ്ച പുറത്തിറക്കും. 2014 ല്‍ പുറത്തിറക്കിയ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (എന്‍.പി.ഒ.പി) നയം പരിഷ്‌കരിക്കുന്നത് ഇതാദ്യമായിട്ടാണ്.
കായികലോകം
ടി.ജി.പുരുഷോത്തമന്‍ തുടര്‍ന്നേക്കും | കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉടന്‍ സ്ഥിരം കോച്ചിനെ നിയമിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഇടക്കാലപരിശീലകന്‍ ടി.ജി. പുരുഷോത്തമന്‍ ടീമിനെ സജ്ജമാക്കും.