സംസ്ഥാനം

കാലാവസ്ഥ | ഇടവേളയ്ക്കുശേഷം കേരളത്തില്‍ വീണ്ടും മഴ വരുന്നു. ജനുവരി 13 മുതല്‍ 16വരെ നാലു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്.

പൊങ്കലിന് ആറു ജില്ലകള്‍ക്ക് അവധി | തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന, തിരുവനന്തപുരം, കൊല്ലം അടക്കം ആറു ജില്ലകള്‍ക്ക് ഇന്ന് അവധി.

മകരവിളക്ക് ഇന്ന് | ശബരിമല അയ്യന് ഇന്ന് മകരവിളക്ക്. രാവിലെ 8.55 ന് മകരസംക്രമ പൂജ നടക്കും. സംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകുന്നേരം അഞ്ചിനു ശരംകുത്തിയിലെത്തും.

അന്‍വര്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞു | നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് പി.വി. അന്‍വര്‍. തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തീരുമാനമെടുത്തത്. ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുവോത്സവം ടീമിനെ കേരളം പിന്‍വലിച്ചു | യുവാക്കളുടെ ദേശീയ കലാമേള, യുവോത്സവത്തില്‍ നിന്നു കേരള സംഘത്തെ സംസ്ഥാന യുജനക്ഷേമ ബോര്‍ഡ് അവസാന നിമിഷം പിന്‍വലിച്ചു. മത്സരങ്ങള്‍ക്കു പകരം വിവിധ കലകളുടെയും ഇനങ്ങളുടെയും പ്രദര്‍ശനമായി മേള പരിഷ്‌കരിച്ചതിനു പിന്നാലെയാണ് ബോര്‍ഡിന്റെ തീരുമാനം. ഈ മാസാദ്യം നടന്ന കേരളോത്സവത്തിലെ വിജയികളാണ് കലാമേളയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

കായികതാരത്തെ പീഡിപ്പിച്ചത് 58 പ്രതികളെന്ന് പോലീസ് | പത്തനംതിട്ടയിലെ കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്‌റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് 20 മുതല്‍ | അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഈ വര്‍ഷത്തെ ട്രക്കിംഗ് 20 നു തുടങ്ങും. അടുത്തമാസം 22 വരെ ട്രക്കിംഗ് അനുവദിക്കും.

ഗോപന്‍ സ്വാമിയുടെ സമാധികല്ലറ പൊളിക്കും | നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ദുരൂഹ സമാധി’ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്ന തീരുമാനം ഇന്ന് എടുക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

ദേശീയം

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീം കോടതിയിലേക്ക് | പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു.

മഹാകുംഭമേളയ്ക്ക് തുടക്കം | ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയുടെ ആദ്യദിനമായിരുന്നു ഇന്നലെ. ആദ്യ സ്‌നാന ദിനമായിരുന്ന പൗഷ് പൗര്‍ണമി. അറുപതു ലക്ഷത്തോളം ഭക്തര്‍ പ്രയാഗ്‌രാജില്‍ പുണ്യസ്‌നാനം നടത്തി.

മിസൈല്‍ പരീക്ഷണം വിജയം | ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ടാങ്ക് വേധ ഗൈഡഡ് മിസൈലായ നാഗ് എം.കെ. രണ്ടിന്റെ പൊക്രാന്‍ ഫീല്‍ഡ് റേഞ്ചില്‍ നടത്തിയ പരീക്ഷണം വിജയം.

സോന്‍മാര്‍ഗ് തുരങ്കം ഉദ്ഘാടനം ചെയ്തു | ജമ്മു കശ്മീരിലെ സോന്‍മാര്‍ഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം സോന്‍മാര്‍ഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുരങ്കത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുമായും നിര്‍മ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.

കായികലോകം

ബ്ലാസ്‌റ്റേഴ്‌സിന് ജയം | ഒഡീഷ എഫ്.സിക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു വിജയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ്.

LEAVE A REPLY

Please enter your comment!
Please enter your name here