പുതുവര്‍ഷം പിറന്നു. കുടുംബത്തിലും തൊഴിലിടത്തും സന്തോഷവും സമാധാനവും നിറയുന്ന വര്‍ഷമാകട്ടെ 2025. വാക്കോ പ്രവര്‍ത്തിയോ ഒരാള്‍ക്കുപോലും അലോസരമാകാതിരിക്കട്ടെ. ഒപ്പം ഒത്തിരി ആളുകളെ സഹായിക്കാന്‍ ഇടവരട്ടെ. കൂടുതല്‍ നന്മയിലേക്ക് ഉയരട്ടെ. ഏവര്‍ക്കും സന്തോഷം നിറഞ്ഞ 2025 റൗണ്ടപ്‌കേരള.കോം ആശംസിക്കുന്നു. ഒപ്പം ഡോര്‍നോക്കര്‍ ഏവര്‍ക്കും പ്രയോജനപ്പെടട്ടെയെന്നും ആശംസിക്കുന്നു.

പുതുവര്‍ഷത്തിലും കെ.എസ്.ഇ.ബിയുടെ സര്‍ചാര്‍ജ് ഷോക്ക് | 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ വൈദ്യുതി വാങ്ങിയ ചെലവില്‍ കെ.എസ്.ഇബിക്ക് അധികം ചെലവായ 54.44 കോടി രൂപയുടെ ബാക്കി തിരികെ പിടിക്കുന്നതിന് റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. വൈദ്യുതി ബില്ലില്‍ 9 പൈസ സര്‍ചാര്‍ജ് തുടരും. ഇതിനു പുറമേ സ്വന്തം നിലയില്‍ ഈടാക്കുന്ന 10 പൈസ കൂടി ചേരുമ്പോള്‍ സര്‍ചാര്‍ജ് 19 പൈസയാണ്.

ഡിസംബറിലെ റേഷന്‍ വിതവണം നാളെവരെ | ഡിസംബറിലെ റേഷന്‍ വിതരണം നാളെവരെ നീട്ടി. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ റെയില്‍വേ ടൈം ടേബിള്‍ ഇന്നു മുതല്‍ | രാജ്യത്തെ തീവണ്ടി സര്‍വീസുകളുടെ പുതിയ സമയക്രമം ഇന്നു മുതല്‍ നടപ്പില്‍വരും. ട്രെയിനുളുടെ നമ്പറിലും മാറ്റമുണ്ട്. മലബാറും വേണാടും ഇനി നേരത്തെ എത്തിച്ചേരും. ഏറനാട് തിരുവനന്തപുരത്തുനിന്ന് അഞ്ചു മിനിട്ട് വൈകിയാണ് പുറപ്പെടുക. www.enquiry.indianrail.gov.in/mntes/

കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ വേതനം വര്‍ദ്ധിപ്പിച്ചു | കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റര്‍മാരുടെ വേതനം 15,000 ത്തില്‍ നിന്ന് 20,000 രൂപയായി വര്‍ദ്ധിപ്പിച്ചു. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്, മാനേജുമെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മൂന്നു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 152 ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനമാണ് കൂട്ടിയത്.

അഞ്ചു ലക്ഷം പേര്‍ക്ക് ഇന്നു മുതല്‍ ടിഒഡി ബില്ലിംഗ് | രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ സാധാരണ വൈദ്യുതി നിരക്കിനെക്കാള്‍ 10 ശതമാനം കുറവും വൈകുന്നേരം ആറു മുതല്‍ രാത്രി 10വരെ 25 ശതമാനം അധികവും ബാക്കിയുളള സമയം സാധാരണ നിരക്കും ഈടാക്കുന്ന ബില്ലിംം് രീതിയാണ് ടൈം ഓഫ് ഡേ. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന 7.9 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ അഞ്ചു ലക്ഷം പേര്‍ ഇന്നു മുതല്‍ ടിഒഡി ( ടൈം ഓഫ് ഡേ) ബില്ലിംഗിലേക്ക് മാറും. ബാക്കിയുള്ള മീറ്ററുകളും മാര്‍ച്ച് 31നുള്ളില്‍ പുതിയ സംവിധാനത്തിലേക്ക് ആക്കും.

സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് പ്രയാണം തുടങ്ങി | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രായാണം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് തുടങ്ങി. കലോത്സവത്തിന്റെ ഏറ്റവും ആകര്‍ഷകമായ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് കലോത്സവ വേദിയിലെത്തുന്നതിനു മുന്നേ എല്ലാ ജില്ലകളിലും എത്തിക്കുന്നത് ഇതാദ്യമാണ്.

പോലീസ് തലപ്പത്ത് അഴിച്ചുപണി | പോലീസ് സേനയുടെ തലപ്പത്ത് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. ഐജിമാരായ ദേബേഷ് കുമാര്‍ ബെഹ്‌റ, ഉമ, രാജ്പാല്‍ മീണ, ജെ. ജയനാഥ് എന്നിവര്‍ക്കു സ്ഥാനക്കയറ്റം ലഭിച്ചു.

എഞ്ചിനിയറിംഗ് കോളജ് ഹാളില്‍ കത്തിക്കരിഞ്ഞ മൃതദേഹം | കരകുളത്തിനു സമീപം മുല്ലശ്ശേരി പി.എ അസീസ് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് പോളിടെക്‌നിക്കിന്റെ പണിതീരാത്ത കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഹാളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോളജ് ഉടമ കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുള്‍ അസീസ് താഹ (68)യുടെ ഷൂസ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് സമീപത്തുനിന്ന് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്നം ജയന്തി ആഘോഷം ഇന്നു മുതല്‍ | സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ 148-ാമത് ജയന്തി ആഘോഷം ഇന്നും നാളെയും പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനത്ത് നടക്കും.

പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചവരുടെ യോഗം ഇന്ന് | വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും രാഹുല്‍ ഗാന്ധിയുടേയും പ്രതിനിധികള്‍ യോഗത്തിന് എത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്‌ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 111 വര്‍ഷം കഠിന തടവ് | പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപകന് 111 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക (പോക്‌സോ) കോടതി. മണകാട് സ്വദേശി മനോജിനെയാണ് (44) ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

ദേശീയം

വംശീയകലാപത്തില്‍ മണിപ്പൂര്‍ മുഖ്യന്റെ മാപ്പു പറച്ചില്‍ | മണിപ്പൂരിലുണ്ടായ വംശീയ കലാപത്തില്‍ പുതുവര്‍ഷത്തലേക്ക് സംസ്ഥാനത്തെ ജനങ്ങളോട് മുഖ്യമന്ത്രി എന്‍. ബിനേന്‍ സിംഗിന്റെ മാപ്പ്.

വാട്‌സ്ആപ്പ് ഉള്ളവര്‍ക്കെല്ലാം യു.പി.ഐ | ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും യു.പി.ഐ സേവനം ലഭ്യമാക്കാന്‍ വാട്‌സ്ആപ്പിനു നാഷണല്‍ പേയ്‌മെന്റസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. യുപിഐ വിപണിയില്‍ വന്‍ മാറ്റത്തിനു വഴിവച്ചേക്കാവുന്നതാണ് തീരുമാനം.

കായികലോകം

സന്തോഷ് ട്രോഫി ബംഗാള്‍ കൊണ്ടുപോയി | ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈലനലിന്റെ രണ്ടാമത്തെ ഇന്‍ജറി ടൈമില്‍ ബാംഗാള്‍ സ്‌ട്രൈക്കര്‍ റോബി ഹന്‍സ്ഡ കേരളത്തിന്റെ ഗോള്‍വല കുലുക്കി. 1-0 ത്തിനു കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ സന്തോഷ് ട്രോഫി സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here