സംസ്ഥാനം

കണക്ക് പറഞ്ഞില്ല, സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ 677 കോടി രൂപയില്‍ എത്ര രൂപ ചെലവാക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല. ആരെയാണ് നിങ്ങള്‍ വിഡ്ഡികളാക്കാന്‍ നോക്കുന്നതെന്നു ചോദിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

വൈദ്യുതി നിരക്കു വര്‍ദ്ധനയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് | വൈദ്യുതി നിരക്കു വര്‍ദ്ധനയില്‍ പ്രതിപക്ഷവുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കമ്പനിയാക്കിയശേഷം ദൈനംദിന ഇടപെടലുകള്‍ക്കു സര്‍ക്കാരിനു പരിമിധിയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് മണിയാശാന്‍ | അടിച്ചാല്‍ തിരിച്ചടിക്കണമെന്നൂം ഇല്ലെങ്കില്‍ പ്രസ്ഥാനത്തിനു നിലനില്‍പ്പില്ലെന്നും സി.പി.എം നേതാവും എം.എല്‍.എയുമായ എം.എം.മണി. പ്രസംഗം സി.പി.എം ശാന്തന്‍പാറ ഏരിയാ സമ്മേളനത്തില്‍.

പ്രതിയുടെ മൊഴിയില്‍ കേസും പിന്നാലെ വധശിക്ഷയും, കേരളത്തില്‍ ഇതാദ്യം | മാന്നാര്‍ ആലുംമൂട്ടില്‍ ജയന്തി(39)യെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് കുട്ടികൃഷ്ണനു (60) ഇരുപതു വര്‍ഷത്തിനുശേഷം വധശിക്ഷ. ഏപ്രില്‍ രണ്ടിനാണ് ഒന്നേകാല്‍ വയസ്സുള്ള മകളുടെ മുന്നില്‍വച്ച് കറിക്കത്തി, ഉളി, ചുറ്റിക തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഭാര്യയുടെ തല അറുത്തെടുത്ത് മൃതദേഹത്തിനു മുകളില്‍ വച്ചത്. കൃത്യത്തിന്റെ അടുത്തദിവസം ഇയാള്‍ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 84 ദിവസത്തെ ജയില്‍വാസത്തിനുശേഷം ലഭിച്ച ജാമ്യത്തിനു പിന്നാലെ ഒളിവില്‍ പോയി. 19 വര്‍ഷത്തിനുശേഷം, 2023 ഒക്‌ടോബറില്‍ പിടിക്കപ്പെട്ടു.

സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി. ജയരാജന്‍ | സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍, മുന്‍മന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്‌ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജന്‍. വിദ്യാര്‍ഥി സംഘടനയില്‍ ആയിരുന്നപ്പോള്‍ ജി.സുധാകരന്‍ ഞങ്ങളുടെ നേതാവായിരുന്നുവെന്നും അന്നു മുതല്‍ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും ജയരാജന്‍ പറഞ്ഞു.

ബിപിന്‍ സി ബാബു, മധു മുല്ലശ്ശേരി സംസ്ഥാന സമിതിയില്‍ | ബിപിന്‍ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിപിന്‍ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ട മധു മുല്ലശ്ശേരിയും മകന്‍ മിഥുന്‍ മുല്ലശ്ശേരിയും ബിജെപിയില്‍ ചേര്‍ന്നത്.

ദേശീയം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം | ഫെയഞ്ചല്‍ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 11 മുതല്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

ആരാധനാലയ സംരക്ഷണ ഹര്‍ജികള്‍ക്ക് പ്രത്യേക ബെഞ്ച് | ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബര്‍ പന്ത്രണ്ട് മുതല്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യയ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹര്‍ജികള്‍ കോടതി പരിഗണിച്ചിരുന്നില്ല .

വിദേശം

കര്‍ദിദാളായി സ്ഥാനമേറ്റു | ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കുവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ചടങ്ങുകള്‍ തുടങ്ങിയത്. പുതുതായി സ്ഥാനമേല്‍ക്കുന്ന 21 കര്‍ദിനാള്‍മാരും മാര്‍പാപ്പയ്ക്കു സമീപം എത്തി തലപ്പാവും മോതിരവും നിയമനപത്രവും ഏറ്റുവാങ്ങി. കത്തോലിക്കാ സഭ ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ള 2025 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാനിടയില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഡിസംബര്‍ 21 ലോക ധ്യാനദിനം | ഡിസംബര്‍ 21 ലോക ധ്യാനദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം യു.എന്‍. പൊതുസഭ എതിര്‍പ്പുകളില്ലാതെ പാസാക്കി. ഇന്ത്യയുടെ നേതൃത്വത്തിലാണ് 10 വര്‍ഷം മുമ്പ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.

ഏറ്റുമുട്ടല്‍ രൂക്ഷം, ഇന്ത്യക്കാരോട് സിറിയ വിടാന്‍ നിര്‍ദേശം | വിമത പക്ഷം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചു. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രംഗത്തെത്തി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് വ്യക്തമാക്കി. സിറിയയിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം അവിടം വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കായികലോകം

ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി | ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്സി രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.

ദേവജിത് സൈക്കിയ ബി.സി.സി.ഐ ഇടക്കാല സെക്രട്ടറി | മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും അസം സ്വദേശിയുമായ ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here