സംസ്ഥാനം

ഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി | യാത്രക്കാരുമായി സംസ്ഥാനത്ത് എവിടെയും പോകാം. മടങ്ങാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. അഞ്ചു വര്‍ഷത്തേക്ക് 1500 രൂപയാണ് ഫീസ്.

ഉമ തോമസിന്റെ അപകടത്തില്‍ അടിമുടി വീഴ്ച | തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഉമാ തോമസ് എം.എല്‍.എ കണ്ണു തുറന്നു. കൈകാലുകള്‍ ചലിപ്പിച്ചു. കല്ലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മെഗാ നൃത്തപരിപാടിയിലെ അപകടത്തില്‍ സംഘാടകരുടെ ഭാഗത്ത് ഗുരുതരവീഴ്ചകളെന്ന് റിപ്പോര്‍ട്ട്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വില്ലേജ് ഓഫീസുകളില്‍ വലഞ്ഞ് ജനം | സോഫ്റ്റ് വെയര്‍ തകരാറിനെ തുടര്‍ന്ന് നാലു ദിവസമായി താളം തെറ്റി വില്ലേജ് ഓഫീസുകളിലെ പ്രവര്‍ത്തനം. ഭൂനികുതി പോലും അടയ്ക്കാന്‍ സാധിക്കാതെ നിരവധിപ്പേരാണ് മടങ്ങിപ്പോകുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം വെബ് പോര്‍ട്ടലിലെ പ്രശ്‌നം പരിഹരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

മുണ്ടക്കൈയിലേത് തീവ്രദുരന്തം തന്നെ | വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം തീവ്രദുരന്തമാണെന്നു കേന്ദ്രം ആവര്‍ത്തിച്ചു. എന്നാല്‍, കണക്കിലെ കാര്യങ്ങളില്‍, അതായത് കൂടുതല്‍ പണം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ല. നവംബര്‍ 16ന് എന്‍ഡിആര്‍എഫില്‍ നിന്നുള്ള അടിയന്തരസഹായമായി അനുവദിച്ച 153.47 കോടി രൂപയില്‍ ഒരു രൂപ പോലും ഫലത്തില്‍ ലഭിക്കില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെട്ട 2219 കോടി രൂപയുടെ അപേക്ഷയിന്മേല്‍ കേന്ദ്രം ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല.

രാജു എബ്രഹാം സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി | സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു.

ഇപിയുടെ ആത്മകഥയില്‍ കേസ് എടുക്കും | സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവത്തില്‍ വഞ്ചനാകുറ്റത്തിനു കേസ് എടുത്ത് പോലീസ് അന്വേഷിക്കാന്‍ തീരുമാനം.

കാസര്‍കോട് വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും | തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ല്‍ നിന്ന് 20 ആക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. എന്നു മുതല്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

എയര്‍കേരള 2025ല്‍ തുടങ്ങും | 2025ന്റെ രണ്ടാം പകുതിയോടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂരില്‍നിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയര്‍ കേരള സര്‍വീസ് ആരംഭിക്കും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍കേരള ചെയര്‍മാന്‍ അഫി അഹമ്മദും കിയാല്‍ എംഡി സി ദിനേഷ് കുമാറും വ്യക്തമാക്കി.

ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചു | ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.

ശബരിമല നട തുറന്നു | മകരവിളക്കിനായി ശബരിമല നട തുറന്നു.

കൊടി സുനി പരോളില്‍ പുറത്തിറങ്ങി | ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കിരണിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു | സ്ത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വര്‍ഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.

ദേശീയം

പണമയ്ക്കുമ്പോള്‍ അക്കൗണ്ട് മാറിപോകാതിരിക്കാന്‍ നടപടി | ഇന്റര്‍നെറ്റ് / മൊബൈല്‍ ബാങ്കിംഗ് വഴി പണമയക്കുമ്പോള്‍ അക്കൗണ്ട് മാറിപോകാതിരിക്കാന്‍ സ്വീകര്‍ത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രില്‍ ഒന്നിനു മുമ്പ് നടപ്പാക്കും. ഈ സംവിധാനത്തിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസ് രാമസുബ്രഹ്‌മണ്യന്‍ ചുമതലയേറ്റു | ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി റിട്ട്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനും കമ്മിഷന്‍ അംഗമായി ജസ്റ്റിസ് ബിദ്യുത് രഞ്ജന്‍ സാരംഗിയും ചുമതലയേറ്റു.

വിതുല്‍ കുമാര്‍ സിആര്‍പിഎഫ് മേധാവി | കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ മേധാവിയായി ഉത്തര്‍പ്രദേശ് കേഡറിലെ 1993 ഐ.പി.എസ് കേഡര്‍ ഉദ്യോഗസ്ഥന്‍ വിതുല്‍ കുമാറിനെ നിയമിച്ചു.

പൂജാരിമാര്‍ക്ക് 18000 ഓണറേറിയം വാഗ്ദാനം ചെയ്ത് കെജരിവാള്‍ | തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പദ്ധതി പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി ദേശിയ അദ്ധ്യക്ഷന്‍ അരവിന്ദ് കെജരിവാള്‍. ദില്ലിയില്‍ ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചു. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും.

അവയവദാനത്തില്‍ റെക്കോര്‍ഡിട്ട് തമിഴ്‌നാട് | അവയവദാനത്തിന്റെ കാര്യത്തില്‍ 2024ലെ തമിഴ്‌നാടിന്റെ കണക്കുകള്‍ റിക്കോര്‍ഡാണ്. 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിന് അധികൃതര്‍ക്ക് ലഭിച്ചത് 266 പേരെയാണ്.

കേരളം മിനി പാകിസ്ഥാന്‍ – ബി.ജെ.പി മന്ത്രി വിവാദത്തില്‍ | കേരളത്തെ മിനി പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ നിതേഷ് റാണെ.വയനാട്ടില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ എന്നിവര്‍ ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് പൂന്നൈയിലെ പൊതു സമ്മേളനത്തില്‍ പ്രസംഗിച്ചത്.

വിദേശം

നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു | യെമന്‍ പൗരനെ വധിച്ചകേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ശരിവച്ചു. ഒരു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. തലാല്‍ അബ്ദുമുഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടു യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.

ഇന്ത്യയില്‍ വനിതകള്‍ക്ക് 11 ലക്ഷം കോടിയുടെ സ്വര്‍ണ്ണം സ്വന്തം | വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 24,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തമായിട്ടുണ്ട്. വിപണി വില കണക്കാക്കിയാല്‍ ഏതാണ്ട് 11 ലക്ഷം കോടി രൂപ വരും. ലോകത്ത് ആഭരണ രൂപത്തിലുള്ള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. യു.എസും റഷ്യയും അടങ്ങുന്ന അഞ്ച് വമ്പന്‍ രാജ്യങ്ങളുടെ പക്കലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകളുടെ കൈയ്യിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here