സംസ്ഥാനം

പെരിയ ഇരട്ടകൊലപാതകത്തില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍ | കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പേര്‍ കുറ്റക്കാര്‍. 10 പേരെ സി.ബി.ഐ കോടതി വെറുതെ വിട്ടു. ശിക്ഷ ജനുവരി മൂന്നിനു പ്രഖ്യാപിക്കും.

ബാങ്ക് വീടു ജപ്തി ചെയ്തു, വയോധിക ഉള്‍പ്പെടെ തെരുവില്‍ | വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ നെടുമങ്ങാട് അര്‍ബന്‍ സഹകരണ ബാങ്ക് വെള്ളിയാഴ്ച വൈകുന്നേരം വീട് ജപ്തി ചെ്തപ്പോള്‍ 85 വയസുകാരി ഉള്‍പ്പെട്ടെ കുടുംബം തെരുവിലായി.

ഗവര്‍ണര്‍ ഇന്ന് മടങ്ങും | ബീഹാറിലേക്ക് നിയോഗിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച കേരളം വിടും. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യം ദു:ഖാചരണത്തിലായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഉണ്ടാകില്ല.

ഇപിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്ന് | സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ചോര്‍ന്നതില്‍ പോലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നുതന്നെയാണെന്നു കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിപോലീസ് പദ്ധതിക്ക് സ്‌കൂളുകള്‍ക്ക് പണം നല്‍കിയില്ല | സര്‍ക്കാരിന്റെ ഫണ്ട് മുടങ്ങിയതോടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി അവതാളത്തിലാകുന്നു. ഈ അധ്യയന വര്‍ഷം വകയിരുത്തിയിരുന്ന പത്തു കോടി രൂപയില്‍ ഒരു രൂപ പോലും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടില്ല.

മുണ്ടക്കൈ പുനരധിവാസ കര്‍മ്മപദ്ധതി | വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരവധിവാസത്തിനുള്ള കര്‍മ്മപദ്ധതി അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും.

ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കം | ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. തൊണ്ണൂറ്റിരണ്ടാമത് തീര്‍ത്ഥാടനത്തിന് രാവിലെ 7.30ന്് ശ്രീനാരായണധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ പതാക ഉയര്‍ത്തും.

കെ.എസ്.ആര്‍.ടി.സിക്ക് റെക്കോര്‍ഡ് വരുമാനം | കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച്ച പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തി. 2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

മലയാള സിനിമയ്ക്ക് ലാഭം 300 കോടി, നഷ്ടം 700 കോടി | ഈ വര്‍ഷം മലയാളത്തില്‍ റിലീസായത് 204 സിനിമകള്‍. ലാഭമുണ്ടാക്കിയ 26 സിനിമകള്‍ നേടിയത് 300 കോടിയോളം രൂപ. എന്നാല്‍, നഷ്ടമുണ്ടായ സിനിമകളിലൂടെ 2004ലെ സിനിമാ മേഖലയിലെ നഷ്ടം 700 കോടിയാണെന്നും നിര്‍മ്മാതാക്കളുടെ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

പമ്പയില്‍ സ്‌പോട്ട് ബുക്കിംഗ് വര്‍ദ്ധിപ്പിക്കും | പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കും. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി പ്രത്യേക കൗണ്ടര്‍ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് തീരുമാനം. ഡിസംബര്‍ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക്.

ദേശീയം

ബിഎസ്എന്‍എല്ലില്‍ വി.ആര്‍.എസ് വരുന്നു | പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ വീണ്ടും സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നു. 35 ശതമാനം ജീവനക്കാരെ വെട്ടി കുറയ്ക്കുകയാണ് ലക്ഷ്യം. ടെലികോം വകുപ്പ് ധനമന്ത്രാലയത്തിന്റെ അനുമതി തേടിയതായാണ് റിപ്പോര്‍ട്ട്.

ബലാത്സംഗ കേസ് അന്വേഷഷിക്കാന്‍ പ്രത്യേക സംഘം | അണ്ണാ സര്‍വകലാശാല ബലാത്സഗ കേസില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം വിവാദമാക്കി കോണ്‍ഗ്രസ് | മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം വിവാദമാക്കി കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ചിത്രീകരണം മുതല്‍ സംസ്‌ക്കാര ചടങ്ങുകളില്‍ വരെ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. ദൂരദര്‍ശന് മാത്രമായിരുന്നു ചിത്രീകരണത്തിന് അനുമതിയെന്നും മന്‍മോഹന്‍ സിങിന്റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത്. മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതെന്നും പവന്‍ ഖേര വിവരിച്ചു.

ഇഡിയെ സിബിഐ റെയ്ഡു ചെയ്തു | ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സി.ബി.ഐ ഒരുക്കിയ കെണിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കുടുങ്ങി. 55 ലക്ഷവുമായി രക്ഷപെട്ട ഇയാളെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല. എന്നാല്‍, ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപ പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ട്.

വിദേശം

അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യ | അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍. ദാരുണ സംഭവമെന്നാണ് പുടിന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി. റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് ക്ഷമാപണം. അതേസമയം ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിന്‍ പറഞ്ഞിട്ടില്ല. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here