സംസ്ഥാനം
ബി.ജെ.പിക്ക് ഇനി 30 ജില്ലാ കമ്മിറ്റി | സംസ്ഥാനത്തെ ബി.ജെ.പിയുടെ 14 ജില്ലാ കമ്മിറ്റികളെ 30 ആയി വിഭജിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്നായും കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളെ രണ്ടായും വിഭജിച്ചു. പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകളില്‍ മാറ്റമുണ്ടാകില്ല.
തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു | മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. 25ന് ശബരിമലയിലെത്തും. 26നാണ് മണ്ഡലപൂജ.
വീടു വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി ചര്‍ച്ച | വയനാട് പുനരധിവാസത്തിനായി വീടുകള്‍ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നും സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കുമെന്നും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. അടുത്ത ക്യാബിനറ്റില്‍ വിശദമായി പരിഗണിക്കാനും വയനാട് പുനരധിവാസം വേഗത്തിലാക്കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി തയ്യാറാക്കിയ ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്.
സ്ഥലമുണ്ടെങ്കില്‍ ആണവ നിലയം തരാമെന്ന് കേന്ദ്രം | അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതില്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ചയിലാണ് ഖട്ടരിന്റ് ഉറപ്പ്. നിലയം സ്ഥാപിക്കാന്‍ ഏറ്റവും യോജിച്ച സ്ഥലം കാസര്‍കോട് ചീമേനിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവരെ അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്നും തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റര്‍ സ്ഥാപിച്ചാല്‍ ഉചിതം ആകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കെ.എ.എസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല | എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുത്താനുള്ളവര്‍ തിരുത്തണമെന്നും പഴയ ശീലങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്നും അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്നും പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ കെഎഎസുകാര്‍ അതേപടി പിന്തുടരരുതെന്നും ചുവപ്പുനാട പഴയതു പോലെ ഇല്ലെങ്കിലും ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദേശീയം
ക്രിസ്മസ് ആഘോഷിക്കാന്‍ മോദി പള്ളിയില്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ഡല്‍ഹി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലും മോദി സന്ദര്‍ശനം നടത്തിയേക്കും. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
രാഹുല്‍ ഗാന്ധിക്ക് സമന്‍സ് | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിക്ക് സമന്‍സ അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെന്‍സസ് പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ജനുവരി ഏഴിന് ഹാജരാകണം.
നടന്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ ആക്രമണം | നടന്‍ അല്ലു അര്‍ജുന്റെ വസതിയില്‍ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനല്‍ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.
മോശമായി പെരുമാറിയ ജയിലറെ പെണ്‍കുട്ടി ചെരിപ്പൂരി തല്ലി | പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ജയിലര്‍ക്ക് മധുരയിലെ നടുറോഡില്‍ ചെരുപ്പൂരി മര്‍ദ്ദനം. മുന്‍ തടവുകാരന്റെ ചെറുമകളെ വീട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് വിനയായത്. മധുര സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് ജയിലര്‍ ബാലഗുരു സ്വാമിക്കാണ് മര്‍ദ്ദനമേറ്റത്. വീഡിയോ വയറലായതോടെ ഇയ്യാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
ശൈവവിവാഹത്തില്‍ 416 പേര്‍ കൂടി അറസ്റ്റില്‍ | ശൈശവ വിവാഹം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അസമില്‍ നടന്ന അന്വേഷണത്തില്‍ 416 പേരെ അറസ്റ്റ് ചെയ്തു. 335 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
റിപ്പബ്‌ളിക് ദിന നിശ്ച ദൃശ്യങ്ങള്‍ക്ക് അനുമതി | റിപ്പബ്‌ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്ക് ഇക്കുറി അവതരണാനുമതി നല്‍കി കേന്ദ്രം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും, ചണ്ഡിഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയില്‍ നിന്ന് ആന്ധ്രയും കര്‍ണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ ദൃശ്യങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല.
വിദേശം
കുവൈറ്റുമായുള്ള ബന്ധം തന്ത്രപ്രധാന തലത്തിലേക്ക് | പ്രതിരോധം, സാംസ്‌കാരിക വിനിമയം, കായികം, ഊര്‍ജ്ജ മേഖലകളില്‍ ഇന്ത്യ കുവൈറ്റ് സഹകരണത്തിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ മോദി ഡല്‍ഹിയിലെത്തി.
മാളിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ യുവാവിനെ വെടിവച്ചു വീഴ്ത്തി | ടെക്‌സാസിലെ കിലീനിലെ മാളിനുള്ളിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ യുവാവിനെ പോലീസ് വെടിവച്ചു വീഴ്ത്തി. ട്രക്ക് ഓടിച്ചിരുന്ന യുവാവിനെ പാര്‍ക്കിംഗില്‍ വച്ചാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. ഇടിച്ച് കയറിയതിന് ശേഷവും വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ട്രക്ക് ഡ്രൈവര്‍ മാളിനുള്ളില്‍ ആളുകള്‍ക്കിടയിലൂടെ ട്രക്ക് ഓടിച്ചതോടെ വലിയ രീതിയില്‍ ആളുകള്‍ പരിഭ്രാന്തരായി. നിരവധിപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
കായികലോകം
അണ്ടര്‍ 19 വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക് | പ്രഥമ അണ്ടര്‍-19 വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ബംഗ്‌ളാദേശിനെ 41 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്.
ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചു വരുന്നു | ഐഎസ്എലില്‍ തുടര്‍ തോല്‍വികളില്‍ നട്ടം കറങ്ങിയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. മുഹമ്മദന്‍ എസ്.സിയെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളിന് തകര്‍ത്തു. ബ്ലാസ്റ്റേഴ്‌സിന്റെ നാലാം ജയമാണിത്. മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.