സംസ്ഥാനം

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനിയെ പാമ്പുകടിച്ചു | തിരുവനന്തപുരം ചെങ്കല്‍ യുപി സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. കുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ഉരുള്‍പൊട്ടല്‍ പുനരധിവസപട്ടികയില്‍ 388 കുടുംബങ്ങള്‍ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍, ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. ആക്ഷേപമുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും. വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമര്‍പ്പിച്ചിരുന്നത്.

സുവര്‍ണ ചകോരം മാലുവിന് | 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍, റിയോ ഡി ജനീറോ തെരുവിലെ മൂന്ന് തലമുറകളുടെ അരക്ഷിത ജീവിതത്തിന്റെ കഥ പറഞ്ഞ പെഡ്രോ ഫ്രയറി സംവിധാനം ചെയ്ത ബ്രസീലിയന്‍ ചിത്രം മാലുവിന് മികച്ച സിനിമക്കുള്ള സുവര്‍ണ്ണ ചകോരം (20 ലക്ഷം രൂപ) ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഫര്‍ഹദ് ഹഷ്മിക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ക്രിസ്റ്റബല്‍ ലിയോണും ജോക്വിന്‍ കൊസിനായ്ക്കുമാണ്. മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌ക്കാരങ്ങള്‍ നേടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ആശുപത്രി ആക്രമണങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടണം | ആശുപത്രി ആക്രമണങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നു ഹൈക്കോടതി. ആക്രമണം നടത്തുന്നവരില്‍ നിന്നു നാശനഷ്ടത്തിന്റെ തുക ഈടാക്കാനുള്ള വ്യവസ്ഥ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്ന നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സഹകരണ സൊസൈറ്റിക്കു മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി | നിക്ഷേപകന്‍ കൂടിയായ വ്യാപാരിയെ കട്ടപ്പന റൂറല്‍ സൊസൈറ്റിക്കു മുന്നില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭാര്യയുടെ ചികിത്സയ്ക്ക് സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്ന പണം മടക്കി ചോദിച്ചപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടെന്നുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

പഴ്‌സനല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ കൂട്ടാന്‍ ഭേദഗതി | സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെ പെന്‍ഷനും ഇന്‍ക്രിമെന്റും മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ ചട്ടഭേദഗതി. പഴ്‌സനല്‍ സ്റ്റാഫിന്റെ സര്‍ക്കാര്‍ സര്‍വീസിലെ ജോലി കൂടി പെന്‍ഷനു പരിഗണിക്കാന്‍ പൊതുഭരണ വകുപ്പ് വിജ്ഞാപനമിറക്കി.

ചോദ്യപേപ്പറില്‍ കേസ് എടുത്തു | ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബാഞ്ച് കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കൊടുവള്ളിയിലെ എംഎസ് സൊലൂഷന്‍സിലും സിഇഒ മുഹമ്മദ് ശുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.

ചീഫ് സെക്രട്ടറിക്ക് എന്‍. പ്രശാന്തിന്റെ വക്കീല്‍ നോട്ടീസ് | മുതിര്‍ന്ന ഐ.എ.എസ്.ഓഫീസര്‍ക്കെതിരെ പരിധിവിട്ട് ആക്ഷേപം ഉന്നയിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടിസയച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വക്കീല്‍ നോട്ടീസ് അയക്കുന്നത്.

വയനാട്ടിലെ പ്രീയങ്കയുടെ വിജയം കോടതി കയറി | വയനാട്ടില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഷെഫീക്ക് വധശ്രമത്തിന് കഠിനതടവ് | ആറു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവര്‍ഷവും അമ്മ അനിഷ 10 വര്‍ഷവും തടവ ശിക്ഷ അനുഭവിക്കണം. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ വിധി.

പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ഗര്‍ഭിണിയാക്കിയത് സഹപാഠി | പത്തനംതിട്ടയില്‍ മരിച്ച പ്ലസ് ടൂ വിദ്യാര്‍തഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന് എന്ന് തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ നിന്നുളള ഡി എന്‍ എ പരിശോധനാ ഫലം. കഴിഞ്ഞ മാസം 25ന് ആണ് 17 കാരി മരിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭം സ്ഥിരീകരിച്ചത്. കേസില്‍ സഹപാഠിയായ നൂറനാട് സ്വദേശിയെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദേശീയം

കൊപ്ര താങ്ങുവില വര്‍ദ്ധിപ്പിച്ചു | കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 2025 സീസണില്‍ ഫെയര്‍ ആവറേജ് ക്വാളിറ്റി മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11,582 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 12,100 രൂപയായും നിശ്ചയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ നാളികേര ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് കൊപ്ര ഉല്‍പാദനം കൂട്ടാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അറിയിച്ചു.

നീറ്റ് യുജി പ്രവേശനം ഡിസംബര്‍ 30വരെ നീട്ടി | അഞ്ചുറൗണ്ട് കൗണ്‍സലിംഗ് കഴിഞ്ഞിട്ടും പലയിടങ്ങളിലും മെഡിക്കല്‍ സീറ്രുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നീറ്റ് യു.ജി പ്രവേശനം ഡിസംബര്‍ 30 വരെ നീട്ടി സുപ്രീംകോടതി.

പാര്‍ലമെന്റില്‍ അവസാനദിനം ഒന്നും നടന്നില്ല | ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ ദിവസത്തെ കൈയ്യാങ്കളിക്കിടെ, ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയത് 7 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ്. ജീവന്‍ അപായപ്പെടുത്തും വിധം പെരുമാറി, മനപൂര്‍വം മുറിവേല്‍പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. കേസ് പാര്‍ലമെന്റ് പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറി. പക്ഷേ ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

രാഹുലിനെതിരെ വനിതാ കമ്മിഷന്‍ കേസ് എടുത്തു | പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍. നാഗാലന്‍ഡ് വനിത എം പി ഫാംഗ്‌നോന്‍ കൊന്യാക്കിന്റെ ആരോപണത്തിലാണ് നടപടി. വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ വിജയ് രഹ്തര്‍ ആവശ്യപ്പെട്ടു.

ഭാര്യയെ വെട്ടിമുറിച്ച് ഉപേക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് അറസ്റ്റില്‍ | നാഗര്‍കോവില്‍ അഞ്ചുഗ്രാമത്തിനു സമീപം ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച ദാരുണമായ കൊലപാതകം. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്‌റ് ചെയ്തു.

ജഗ്ജിത്ത് സിംഗിന്റെ ആരോഗ്യനില പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം | നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി. 25 ദിവസമായി നിരാഹാര സമരം തുടരുന്ന ദല്ലേവാള്‍ കഴിഞ്ഞ ദിവസം ബോധരഹിതനായി വീണിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ ഒരു നൂലില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു | ഹരിയാനയില്‍ അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഐഎന്‍എല്‍ഡി അധ്യക്ഷന്‍ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here