സംസ്ഥാനം
നവദമ്പതികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 4 പേര്‍ വാഹനാപകടത്തില്‍ മരിച്ചു | കോന്നി കൂടല്‍മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം.
ചക്രവാതച്ചുഴി ഇന്ന് വീണ്ടും ന്യൂനമര്‍ദ്ദമായേക്കും | തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടേക്കും. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ മുന്നറിയിപ്പ്. ഡിസംബര്‍ 18 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 18 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു കേന്ദ്രസേന പണം വാങ്ങാറില്ല ? | രക്ഷാപ്രവര്‍ത്തനത്തിന്റെ ചിലവ് പ്രതിരോധമന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചത് നടപടിക്രമം മാത്രം. ഇത്തരം ബില്ലുകള്‍ക്ക് സംസ്ഥാനങ്ങള്‍ പണം നല്‍കേണ്ടതില്ല. കേന്ദ്ര സംസ്ഥാന പണമിടപാടില്‍ ക്രമീകരിക്കുന്നതാണ് രീതി. അതിനാല്‍ തന്നെ കേന്ദ്രവിഹിതത്തില്‍ കുറവ് വരും. ഈ പണം ഒറ്റത്തവണ ഗ്രാന്റായി മാറ്റാനോ എഴുതി തള്ളാനോ കേന്ദ്രത്തിനു കഴിയും.
തിരിച്ചടിച്ച തീരുമാനം മാറ്റി, ക്രിസ്മസ് ബംബറിന്റെ സമ്മാനത്തുക കുറയ്ക്കില്ല | ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള നീക്കം തിരിച്ചടിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുന:സ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ക്രിസ്മസ് ബംപര്‍ ലോട്ടറി ഇപ്പോഴും വിപണിയിലെത്തിയിട്ടില്ല. എത്രയും വേഗം അച്ചടി പൂര്‍ത്തിയാക്കി പുതിയ ടിക്കറ്റ് ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണു ലോട്ടറി ഡയറക്ടറേറ്റ്.
കാട്ടാന കുത്തിമറിച്ച് പന വീണ് വിദ്യാര്‍ത്ഥി മരിച്ചു | നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന റോഡിലേക്കു കുത്തിമറിച്ച പന തലയില്‍വീണ് ബൈക്ക് യാത്രക്കാരിയായ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.
പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎല്‍ ടൗണ്‍ഷിപ് ഇന്‍സ്ട്രമെന്റേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ സി.വി.ആന്‍മേരിയാണ് (21) മരിച്ചത്. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ബൈക്കോടിച്ചിരുന്ന ആന്‍മേരിയുടെ സുഹൃത്ത് അല്‍ത്താഫ് അബൂബക്കറിന് (21) പരുക്കേറ്റു.
ദേശീയം
കര്‍ഷക മാര്‍ച്ച് വീണ്ടും നിര്‍ത്തിവച്ചു | ഡല്‍ഹിയിലേക്കു പുറപ്പെട്ട കര്‍ഷക മാര്‍ച്ച് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ ഹരിയാന പോലീസ് മൂന്നാം തവണയും തടഞ്ഞു. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് ലോക്‌സഭയില്‍ മോദി | ഭരണഘടനയ്ക്കുമേല്‍ നടന്ന ചര്‍ച്ചയില്‍ ലോക്സഭയില്‍ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം നേട്ടത്തിനായി നെഹ്‌റു ഭരണഘടനയെ അട്ടിമറിച്ച് ആദ്യം പാപം ചെയ്തുവെന്നും പല കാലങ്ങളിലായി ആ കൃത്യം ആവര്‍ത്തിച്ചു പോന്നുവെന്നും പിന്നീട് ഇന്ദിരാ ഗാന്ധി ആ പാപം തുടര്‍ന്നുവെന്നും മോദി കുറ്റപ്പെടുത്തി. സ്വന്തം കസേര സംരക്ഷിക്കാന്‍ 60 വര്‍ഷത്തിനിടെ 75 തവണയാണ് കോണ്‍ഗ്രസ് ഭരണഘടനയെ അട്ടിമറിച്ചതെന്നു പറഞ്ഞ മോദി, ഭരണഘടനയെ കോണ്‍ഗ്രസ് ഭയപ്പെടുത്താനുള്ള ആയുധമാക്കിയെന്നും നെഹ്‌റുവിന്റെ കാലം മുതല്‍ രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടുവെന്നും പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സോണിയ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നുവെന്നും അഹങ്കാരിയായ ഒരാള്‍ ആ കാലത്ത് മന്ത്രിസഭാ തീരുമാനങ്ങള്‍ കീറിയെറിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി മോദി കുറ്റപ്പെടുത്തി.
സവര്‍ക്കറെ ഉയര്‍ത്തി മോദിയെ നേരിട്ട് രാഹുല്‍ | ലോക്‌സഭയില്‍ സവര്‍ക്കറുടെ വാക്കുകളെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി മോദിയെ നേരിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്നും ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഭാരതീയമായി ഒന്നുമില്ല എന്നാണ് സവര്‍ക്കര്‍ പറഞ്ഞതെന്നും രാഹുല്‍ ചൂണ്ടികാട്ടി. ഭരണഘടന സംരക്ഷിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയില്‍ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങളുണ്ടെന്നും ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെ നിങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ യുവതയുടെയും ചെറുകിട കച്ചവടക്കാരുടേയും കര്‍ഷകരുടേയും ചെറുകിട വ്യവസായികളുടേയും പെരുവിരല്‍ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്കു വേണ്ടി മുറിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കായികലോകം
കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരുമായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ 2-1ന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ, അവസാന മിനിറ്റുകളില്‍ നേടിയ ഇരട്ട ഗോളിലാണ് മോഹന്‍ ബഗാന്‍ വീഴ്ത്തിയത്.
ഒന്നാം ദിനം മഴ കളി മുടക്കി | ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം മഴ കളി മുടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഇന്നലെ ആകെ 13.2 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാനായുള്ളൂ. മഴയെത്തുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവെക്കേണ്ടി വന്ന മത്സരം ലഞ്ചിന് ശേഷം തുടരാനായില്ല. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിരുന്നു.