സംസ്ഥാനം

ലോറി മറിഞ്ഞ് 4 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം | പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കു മുകളിലേക്ക് ലോറി മറിഞ്ഞു കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലു എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. ഒരു വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍പെട്ട സിമന്റ് ലോറിയില്‍ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

അനര്‍ഹര്‍ നേടിയ ക്ഷേമപെന്‍ഷനുകള്‍ തിരിച്ചുപിടിക്കും | സാമൂഹിക ക്ഷേമപെന്‍ഷന്‍ തട്ടിച്ചവരില്‍ നിന്ന് 18 ശതമാനം പിഴപ്പലിശസഹിതം തുക തിരിച്ചുപിടിക്കും. പെന്‍ഷന്‍ റദ്ദാക്കും. ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും ധനവകുപ്പ് നിര്‍ദേശിച്ചു.

ഒഴിവുകള്‍ 25നകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം | വിവിധ വകുപ്പുകളില്‍ 2025ല്‍ ഉണ്ടാകിനിടയുള്ള ഒഴിവുകള്‍ ഡിസംബര്‍ 25നകം പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥ ഭരണപരഷ്‌കരണ വകുപ്പ് സര്‍ക്കുലറായിട്ടാണ് നിര്‍ദേശം പുറത്തിറക്കിയത്.

പുതിയ മരിച്ചീനി ഇറങ്ങളുമായി സിടിസിആര്‍ഐ | കര്‍ഷകര്‍ക്കായി രണ്ടു പുതിയ മരിച്ചിനി ഇറങ്ങള്‍ വികസിപ്പിച്ച് ശ്രീകാര്യത്തെ കിഴങ്ങുവിള ഗവേഷണ കേന്ദ്രം. ശ്രീ അന്നം, ശ്രീ മിന്ന എന്നിവ ഉയര്‍ന്ന വിളവ് നല്‍കുന്നവയാണെന്ന് ഗവേഷകര്‍ പറഞ്ഞു. വളപ്രയോഗവും കുറച്ച് മതിയാകും.

വഞ്ചിയൂരില്‍ പ്രസംഗിച്ചവരും പ്രതികളായേക്കും | തിരുവനന്തപുരം വഞ്ചിയൂരില്‍ സി.പി.എം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റോഡില്‍ സ്റ്റേജ് കെട്ടുകയും ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം തേടി. സ്റ്റേജിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതിയില്‍ ഹാജരായ വഞ്ചിയൂര്‍ എസ്.എച്ച്.ഒയോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച സമര്‍പ്പിക്കണം.

കരുനാഗപ്പള്ളിയില്‍ സി.പി.എം ആക്ഷന്‍ | കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ നടപടിയുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആര്‍ വസന്തനടക്കം കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നതിന്റെ തെളിവാണ് നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എസ്.സുദേവനെ രണ്ടാമതും കൊല്ലം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നേതാവാണ് എല്ലാത്തിന്റെയും അവസാന വാക്കെന്ന് കരുതരുതെന്നും ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് തീരുമാനമായി | പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 20നു അവസാനിക്കുന്ന പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സൂചന.

ആരാധനാസ്ഥല തര്‍ക്കങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞു | ആരാധനാസ്ഥലങ്ങളുടെ സ്വഭാവം, ഉടമസ്ഥത തുടങ്ങിയ തര്‍ക്കങ്ങളില്‍ പുതിയ കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. 1991ലെ ആരാധനാസ്ഥല നിയമം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ കാശി ന്യാന്‍വാപി, മഥുര കൃഷ്‌നജന്മഭൂമി, സംഭല്‍ ജുമാ മസ്ജിദ് തുങ്ങിയ കേസുകള്‍ ഫലത്തില്‍ സ്‌റ്റേ ചെയ്യപ്പെട്ടു.

വിദേശം

ചതുരംഗത്തിലെ പ്രായം കുറഞ്ഞ ലോക രാജാവായി ഗുകേഷ് | 58 നീക്കങ്ങളില്‍ ഗുകേഷ്, ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ചു. ഇന്ത്യയുടെ പതിനെട്ടുകാരനായ ചെസ് രാജകുമാരന്‍ ഡി. ഗുകേഷ് 18-ാം ലോക ചെസ് ചാമ്പ്യനായി. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍. 1985ല്‍ 22-ാം വയസ്സില്‍ ലോക ചാമ്പ്യനായ ഗാരികാസ്പറോവിന്റെ റെക്കോര്‍ഡാണ് ഇന്നലെ ഗുകേഷ് മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here