സംസ്ഥാനം
വീണ്ടും മഴ ശക്തമാകും | കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും. ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കുട്ടികള്‍ക്കുള്ള വാക്‌സീന്‍ നിര്‍ത്തലാക്കിയത് തിരിച്ചടി | സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുന്‍വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2324 കേസുകളെങ്കില്‍ ഇക്കുറിയത് 69,113 കേസുകളെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
വഞ്ചിയൂരിലെ സി.പി.എം സ്‌റ്റേജ് കോടതി അലക്ഷ്യം | ഏരിയ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ് കെട്ടാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. 2021ല്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ ഫ്രീസറില്‍ വച്ചിരിക്കുകയാണോയെന്നും കോടതി തിരക്കി. വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നാളെ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കോടതിവിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണം | പട്ടികവിഭാഗ സംവരണത്തില്‍ മേല്‍ത്തട്ട് പരിധി ഏര്‍പ്പെടുത്തുന്നതും ഉപവര്‍ഗീകരണത്തിനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സുപ്രീം കോടതി വിധിക്കെതിരെ ദലിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനു തയാറാകണമെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതിക്കു കത്തയച്ച് അതിജീവിത | നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു കത്തെഴുതി അതിജീവിത.
മത്സര ഓട്ടം ചിത്രീകരിക്കുന്നതിനിടെ യുവാവിനു ദാരുണാന്ത്യം | വെള്ളയില്‍ പോലീസ് സ്‌റ്റേഷനു സമീപം ബീച്ച് റോഡില്‍ മത്സര ഓട്ടം ചിത്രീകരിക്കുന്നതിനിടെ കാറിടിച്ചു വീഡിയോഗ്രാഫര്‍ ആല്‍വിന്‍ (20) മരിച്ചു.
ദേശീയം
എസ്.എം. കൃഷ്ണയ്ക്ക് യാത്രാമൊഴി | ബംഗളൂരുവിനെ നവീകരിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍മുഖ്യമന്ത്രി, ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ (92) അന്തരിച്ചു. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള കൃഷ്ണയുടെ സംസ്‌കാരം ജന്മദേശമായ മണ്ഡ്യയിലെ സോമനഹള്ളിയില്‍ ഇന്ന് നടക്കും.
മാധവ് ഗാഡ്ഗിലിന് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം | പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ നല്‍കുന്ന ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരത്തിന് മാവധ് ഗാഡ്ഗിലിനു അര്‍ഹമായി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയിലേക്ക് | മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും. മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകന്‍ അഭിഷേക് സിങ്വിയും ഇന്നലെ വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് | രാജ്യസഭയില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് വ്യക്തമാക്കി. രാജ്യസഭാദ്ധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായിട്ടാണ് രാജ്യത്ത് ഒരു അവിശ്വാസ പ്രമേയം വരുന്നത്.
ജഡ്ജിയുടെ വിവാദപ്രസംഗത്തില്‍ അന്വേഷണം തുടങ്ങി | അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിവരങ്ങള്‍ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി.