ന്യൂഡല്‍ഹി | താജ്മഹലിന് കേരളത്തില്‍ നിന്ന് ഇമെയിലിലൂടെ ബോംബ് ഭീഷണി. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിനാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഇന്നലെ (ശനി) ഉച്ചകഴിഞ്ഞ് 3:30 ഓടെ താജ്മഹല്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ച് തകര്‍ക്കുമെന്നായിരുന്നൂ രാവിലെ ലഭിച്ച ഇമെയിലില്‍ ഭീഷണി മുഴക്കിയത്. ഡല്‍ഹി പോലീസിനും ഭീഷണി സന്ദേശം ലഭിച്ചു. തുടര്‍ന്ന് സിഐഎസ്എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ സേന സ്മാരകത്തില്‍ മൂന്ന് മണിക്കൂര്‍ സമഗ്രമായ തിരച്ചില്‍ നടത്തി. ഓപ്പറേഷനില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇമെയില്‍ വന്നത് കേരളത്തില്‍ നിന്നുള്ള വ്യാജ ഐഡിയിലൂടെയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സിറ്റി) സോനം കുമാര്‍ സ്ഥിരീകരിച്ചു. അയച്ചയാളെ തിരിച്ചറിയാന്‍ സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച, മുംബൈ പോലീസിന് നഗരത്തിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളവും ഹോട്ടല്‍ താജ്മഹല്‍ പാലസും ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഇമെയില്‍ ലഭിച്ചിരുന്നു. എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്റെ ഇമെയില്‍ വിലാസത്തിലാണ് ഇമെയില്‍ ലഭിച്ചത്. വിമാനത്താവളത്തിലും സാന്താക്രൂസിന്റെ പ്രാന്തപ്രദേശത്തുള്ള ആഡംബര ഹോട്ടലിലും സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here