കൊച്ചി | ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശയാത്രികരുടെ ഒരു സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന നാസയുടെ ആക്‌സിയം-4 ദൗത്യം തുടങ്ങി. 2025 ജൂണ്‍ 25 (ബുധന്‍) നാണ് ദൗത്യം തുടങ്ങുക. സംഘത്തെ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലും ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലുമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) എത്തിക്കുന്നത്. നാസ, സ്പേസ് എക്സ് എന്നിവയുമായി സഹകരിച്ച് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.
മുന്‍ നാസ ബഹിരാകാശയാത്രികയും ഇപ്പോള്‍ ആക്സിയം സ്പേസിലെ മനുഷ്യ ബഹിരാകാശ യാത്രയുടെ ഡയറക്ടറുമായ മിഷന്‍ കമാന്‍ഡര്‍ ഡോ. പെഗ്ഗി വിറ്റ്സണാണ് ആക്സ്-4 സംഘത്തെ നയിക്കുന്നത്. ശുഭാന്‍ഷു ശുക്ല മിഷന്‍ പൈലറ്റായി സേവനമനുഷ്ഠിക്കും. പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാന്‍സ്‌കി-വിസ്നിയേവ്സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപുവും മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായി ചേരും.
വിവിധ കാരണങ്ങളാല്‍ നിരവധി തവണ മാറ്റിവച്ച വിക്ഷേപണമാണ് നാളെ നടക്കുക. മെയ് 29 ന് ആദ്യം നിശ്ചയിച്ചിരുന്ന ദൗത്യം, മോശം കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങള്‍, ഫാല്‍ക്കണ്‍ 9 ബൂസ്റ്ററിലെ ഓക്സിജന്‍ ചോര്‍ച്ച എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ കാരണം ആറ് തവണ മാറ്റിവച്ചു. ജൂണ്‍ 22 ന് നിശ്ചയിച്ചിരുന്ന ഏറ്റവും പുതിയ വിക്ഷേപണവും ഐഎസ്എസിന്റെ സേവന മൊഡ്യൂളിലെ തകരാര്‍ കാരണം വൈകി.
ഇപ്പോള്‍, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവ തമ്മിലുള്ള സമഗ്രമായ വിലയിരുത്തലുകള്‍ക്കും ഏകോപനത്തിനും ശേഷം, ദൗത്യം തുടരാന്‍ ഒരുങ്ങുകയാണ്. വിജയിച്ചാല്‍, ജൂണ്‍ 26 വ്യാഴാഴ്ച രാവിലെ 7:00 ന് EDT (4:30 PM IST) ISS-ല്‍ സംഘം ഡോക്ക് ചെയ്യും.
‘ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A-യില്‍ നിന്ന് ദൗത്യം പറന്നുയരും. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച ശേഷം പുതിയ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ സംഘം പരിക്രമണ ലബോറട്ടറിയിലേക്ക് യാത്ര ചെയ്യും. ലക്ഷ്യമിട്ട ഡോക്കിംഗ് സമയം ജൂണ്‍ 26 വ്യാഴാഴ്ച ഏകദേശം വൈകുന്നേരം 4:30 (ഇന്ത്യന്‍ സമയം) ആണ്,’ – നാസയുടെ പ്രസ്താവനയില്‍ പറയുന്നു.