ന്യൂഡല്‍ഹി | നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 278 ദിവസത്തെ വാസത്തിനുശേഷം മടങ്ങിയ സുനിത വില്യംസ് ഒരു മാധ്യമത്തിനു നല്‍കിയ ആദ്യ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ സന്ദര്‍ശിക്കാനും സന്ദര്‍ശന വേളയില്‍ ഇസ്രോയുടെ സംഘവുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സുനിത പറഞ്ഞത്.
”എന്റെ പിതാവിന്റെ മാതൃരാജ്യത്തേക്ക് ഞാന്‍ മടങ്ങും. ഇസ്രോ ദൗത്യത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബഹിരാകാശയാത്രികരെ കാണും.” – ഇതായിരുന്നു സുനിതയുടെ വാക്കുകള്‍. സുനിത വില്യംസിന്റെ അമ്മ ഉര്‍സുലിന്‍ ബോണി പാണ്ഡ്യ (നീ സലോക്കര്‍) സ്ലൊവേനിയന്‍-അമേരിക്കന്‍ വംശജയാണ്. പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്ത് സ്വദേശിയും. ഐഎസ്എസില്‍ ദീര്‍ഘനേരം താമസിച്ചിരുന്ന സമയത്ത് തന്റെ ബഹിരാകാശ പേടകം ഹിമാലയത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം ഇന്ത്യ ‘അത്ഭുതകരം’ ആണെന്ന് താന്‍ മനസിലാക്കിയെന്നും സുനിത പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഐഎസ്ആര്‍ഒ സംഘത്തെ കണ്ട് തന്റെ അനുഭവം അവരുമായി പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വില്യംസ് പറഞ്ഞു, ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ശ്രമങ്ങളെയും സുനിത പ്രശംസിച്ചു. ” ഇന്ത്യയിലെ കഴിയുന്നത്ര ആളുകളുമായി നമുക്ക് നമ്മുടെ അനുഭവങ്ങള്‍ പങ്കിടാന്‍ കഴിയും, കാരണം ഇത് ഒരു മികച്ച രാജ്യമാണ്. ബഹിരാകാശ രാജ്യങ്ങളില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു അത്ഭുതകരമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതിന്റെ ഭാഗമാകാനും അവരെ സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” – സുനിതാ വില്യംസ് കൂട്ടിച്ചേര്‍ത്തു.