ന്യൂഡല്‍ഹി | നേപ്പാളിലെ പൊഖാറയിലേക്ക് പോയ ബസ് ഡാങ് ജില്ലയില്‍ അപകടത്തില്‍പ്പെട്ട് 25 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ തുളസിപൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 19 വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അവര്‍ നേപ്പാളിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ ലഖ്നൗ, സീതാപൂര്‍, ഹര്‍ദോയ്, ബരാബങ്കി ജില്ലകളില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ഇന്നലെയാണ് അപകടം നടന്നത്. ബസിന്റെ ബ്രേക്ക് തകരാറാണെന്ന് അപകടകാരണമെന്നാണ് സംശയിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോള്‍, നേപ്പാളിലെ ഗധാവയില് നിന്നുള്ള പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് 19 പേരെ തുളസിപൂരിലേക്കും കൊണ്ടുവന്നു.