തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനുപിന്നാലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടറും കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനക്കുറിപ്പ് ഇട്ടിരുന്നു. കെ.കെ.രാഗേഷിനെ വല്ലാതെ പുകഴ്ത്തിയ ആ കുറിപ്പ് വൈറാലാകുകയും ഇടതുപക്ഷ അനുകൂലികള്‍ വലിയ പ്രചരണം നടത്തുകയും ചെയ്തു.
ദിവ്യയുടെ ഈ പുകഴ്ത്തല്‍ പോസ്റ്റ് കോണ്‍ഗ്രസ് നേതാക്കളെ അമ്പരിപ്പിച്ചിരുന്നു. ഇതോടെയാണ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വിദ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
പിണറായി വിജയനു പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട മഹതിയാണ് ദിവ്യ എസ്. അയ്യരെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. അവരുടെ സമൂഹമാധ്യമ പോസ്റ്റിനു വില കല്‍പ്പിക്കുന്നില്ല. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ പുകഴ്ത്തിയതു ശരിയായില്ലെന്ന് ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥന്‍ പറഞ്ഞതിനു പിന്നാലെയാണ് കെ.മുരളീധരന്റെ രൂക്ഷവിമര്‍ശനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ. കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യപോസ്റ്റിലെ വരികള്‍ ഇതാണ്. ‘കര്‍ണനു പോലും അസൂയ തോന്നുംവിധമുള്ളതാണ് കെ.കെ.ആറിന്റെ കവചം’ എന്നാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.