നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാം വരവ് കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് വ്യക്തമാക്കുന്ന നടപടികളാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മുത്തലാക്ക് ബില്‍ രാജ്യസഭയും കടന്ന് നിയമമായതോടെ മുസ്‌ളീം സ്ത്രീകള്‍ക്കിടയില്‍ മികച്ച അഭിപ്രായ രൂപീകരണമാണ് മോഡി സര്‍ക്കാരിന് അനുകൂലമായി ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

മുസ്‌ളിം പുരുഷന്മാരെ വേട്ടയാടാനുള്ള നീക്കമായി മുത്തലാക്ക് ബില്ലിനെ അവതരിപ്പിക്കാന്‍ പ്രതിപക്ഷവും മുസ്‌ളിം സംഘടനകളും ശ്രമിച്ചെങ്കിലും മുസ്‌ളിം സ്ത്രീകള്‍ക്കിടയില്‍ ഈ വാദം വിലപോകില്ലെന്നുറപ്പാണ്. അവര്‍ മനസുകൊണ്ട് മോഡിയുടെ നീക്കത്തിന് കൈയടിക്കുന്നുണ്ടെന്നാണ് ബി.ജെ.പി. േകന്ദ്രനേതൃത്വവും കണക്കുകൂട്ടുന്നത്. ശരിക്കും മോഡിയുടെ സൈക്കോളജിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു മുത്തലാക്ക് ബില്‍.

ഇതിനു പിന്നാലെ തങ്ങളുടെ കൃത്യമായ പ്ലാനിങ്ങ് നടപ്പിലാക്കാനുള്ള നീക്കവും കണ്ടു. വിവരാവകാശ നിയമത്തിന് പൂട്ടിടാനുള്ള ശ്രമത്തിലും മോഡിസര്‍ക്കാര്‍ വിജയിച്ചു. ഇനി മുന്നിലുള്ളത് കശ്മീര്‍ പ്രശ്‌നവും ഏകീകൃത സിവില്‍കോഡുമാണ്.

കശ്മീരില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നൂവെന്ന പ്രതീതിപരത്തി സൈനികവിന്യാസം കടുപ്പിക്കുകയാണ് കേന്ദ്രം. ആഭ്യന്തര്യമന്ത്രി എപ്പോഴൊക്കെ കശ്മീര്‍ സന്ദര്‍ശിച്ചോ അപ്പോഴെല്ലാം താഴ്‌വരകളില്‍ പ്രതിഷേധം നടത്താനും അക്രമം അഴിച്ചുവിടാനും വിഘടനവാദികള്‍ ശ്രമിച്ചിരുന്നതാണ് ചരിത്രം. സ്വദേശികളായ കുറച്ച് യുവാക്കളെ കരുവാക്കിയാണ് ഇത്തരം പ്രതിഷേധങ്ങള്‍ സൈന്യത്തിനെതിരേ സംഘടിപ്പിച്ചിരുന്നതും.

എന്നാല്‍ അമിത്ഷായുടെ സന്ദര്‍ശനവേളയില്‍ ഒരു അക്രമപ്രവര്‍ത്തിയും ഉണ്ടായില്ല. സൈന്യത്തെ കല്ലെറിഞ്ഞാല്‍ അതിശക്തമായ നടപടിയുണ്ടാകുമെന്ന് പള്ളിക്കമ്മറ്റിക്കാരോടും പ്രതിനിധികളോടും അറിയിച്ചിരുന്നതായും സ്വദേശികളായ യുവാക്കളെ ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കണമെന്നും അറിയിച്ചിരുന്നതായാണ് സൂചന.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവലിന്റെ സന്ദര്‍ശനത്തിനു പിന്നാലെയാണ് കശ്മീരില്‍ സൈനികരെ വ്യന്യസിച്ചു തുടങ്ങിയത്. കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 30, വസ്തുവകകള്‍ വാങ്ങാനുള്ള അവകാശം കശ്മീരികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 30 എന്നീ വകുപ്പുകള്‍ എടുത്തുകളയുന്നതിനെതിരേ വിഘടനവാദികള്‍ ഭീഷണിമുഴക്കുന്ന സാഹചര്യവും മുന്നിലുണ്ട്.

ഇതുസംഭവിച്ചാല്‍ കശ്മീരില്‍ ഏതുപതാകയാണ് ഉയരുകയെന്ന് പറയാനാകില്ലെന്ന് പി.ഡി.പി. നേതാവ് മൊഹബൂബാ മുഫ്തിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കശ്മീരിലെ സൈനികരുടെ എണ്ണം കേന്ദ്രം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here