തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ സൂംമ്പാ ഡാന്‍സ് പരിശീലനം നല്‍കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ 30 ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംമ്പാ ഡാന്‍സ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നു മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. സൂംമ്പാ മാത്രമല്ല, യോഗ ഉള്‍പ്പെടെ കുട്ടികള്‍ക്കു താല്പര്യമുള്ള കായിക ഇനങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ കായിക ഇനങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങള്‍ പഠിപ്പിക്കേണ്ടതില്ല എന്ന് കര്‍ക്കശമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.