തൃശൂര്‍ | സ്ത്രീകള്‍ ഇറങ്ങാന്‍ മടിക്കുന്ന കശാപ്പ്‌ജോലിയില്‍ എതിര്‍പ്പുകളെ അവഗണിച്ചിറങ്ങി വിജയംകൊയ്ത റുക്കിയ (66) അന്തരിച്ചു. ചുണ്ടേല്‍ ശ്രീപുരം സ്വദേശിനിയായ റുക്കിയ കേരളത്തിലെ ആദ്യത്തെ വനിതാ കശാപ്പ് തൊഴിലാളിയെന്നാണ് അറിയപ്പെട്ടത്. ചുണ്ടേല്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ 33 വര്‍ഷത്തോളം നിറസാന്നിധ്യമായിരുന്നൂ റുക്കിയ. 1982 ല്‍ ചുണ്ടലില്‍ ‘ഓകെ ബീഫ് സ്റ്റാള്‍’ എന്നപേരില്‍ വനിതാ മാംസക്കട തുറന്നപ്പോള്‍ റുക്കിയയ്ക്ക് വെറും 23 വയസ്സായിരുന്നു. കുടുംബവും ബന്ധുക്കളും നാട്ടുകാരും ആദ്യം എതിര്‍ത്തിട്ടും ജീവിതപ്രാരാബദ്ധങ്ങള്‍ അലട്ടിയ റുക്കിയ ജോലിയില്‍ ഉറച്ചുനിന്നു. ക്രമേണ എതിര്‍പ്പുകളെ ഇല്ലാതാക്കി റുക്കിയ മുന്നോട്ടുപോയി. പത്താംവയസില്‍ പിതാവ് മരണപ്പെട്ടതോടെയാണ് സഹോദരങ്ങളെ നോക്കാനായി റുക്കിയ പണിക്കിറങ്ങിയത്. ചുണ്ടലിലെ ഒരു എസ്റ്റേറ്റിലായിരുന്നു അവരുടെ ആദ്യ ജോലി.

എസ്റ്റേറ്റില്‍ നിന്നുള്ള ശമ്പളം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് അവര്‍ ചുണ്ടേല്‍ മാര്‍ക്കറ്റില്‍ മാംസം കശാപ്പ് ചെയ്യാന്‍ തുടങ്ങിയത്. റുക്കിയ ഈ ജോലിയൂടെയാണ് ചുണ്ടേലില്‍ നാല് ഏക്കര്‍ കാപ്പി എസ്റ്റേറ്റ് വാങ്ങി വീട് പണിതതും ആറ് സഹോദരിമാരെ വിവാഹം ചെയ്തുവിട്ടതും. ഒറ്റത്തടിയായ റുക്കിയയെ അവസാനനാളുകളില്‍ നോക്കിയത് വളര്‍ത്തുമകനായ മനു അനസായിരുന്നു. മാംസവിപണിയെ തൊഴില്‍ മേഖലായി എടുത്ത് മികവ് പുലര്‍ത്തിയതിന് 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് റുക്കിയയെ ആദരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here