തിരുവനന്തപുരം | പുതിയ കാലത്തിനനുസരിച്ച് കളിമണ്‍ പാത്ര നിര്‍മാണ മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലെ കളിമണ്‍പാത്ര നിര്‍മാണ വിപണന മേഖലയുടെ ഭാവി സാധ്യതകള്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കോവിഡിന് ശേഷം പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വാഭാവികമായി വിപണി ആവശ്യങ്ങള്‍ക്കൊപ്പം നിര്‍മിതിയുടെ രൂപം, ഭംഗി എന്നിവയിലൂടെ ഉപഭോക്താവിനാവശ്യമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയണം. കളിമണ്‍ എടുക്കുന്നതില്‍ നിലവില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ 50 ടണ്‍ വരെ കളിമണ്ണ് എടുക്കുന്നതിന് അനുമതി നല്‍കുന്നുണ്ട്. കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ഉടമസ്ഥാവകാശമില്ലാത്തവര്‍ക്ക് നിയമപരമായി അത് ലഭിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനമടക്കം ഉപയോഗിച്ച് വിപണി സാധ്യതകള്‍ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

കളിമണ്‍ പാത്ര നിര്‍മാണ തൊഴില്‍ മേഖലയെ വിപുലീകരിച്ച് തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്ലാസ്സിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി സൗഹൃദ നിര്‍മിതി എന്ന നിലയില്‍ കളിമണ്‍ പാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തൊഴിലാളികള്‍ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത് സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കെ എന്‍ കുട്ടമണി സ്വാഗതം ആശംസിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഷിബു എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍. ജെ. ഒ, ഡിസെന്‍ട്രലൈസ്ഡ് പ്ലാനിംഗ് ഡിവിഷന്‍ചീഫ് ഡോ. ജെ. ജോസഫൈന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. സിദ്ധാര്‍ത്ഥന്‍ നന്ദി അറിയിച്ചു.

കേരളത്തിന്റെ തനത് കളിമണ്‍പാത്ര നിര്‍മ്മാണ കലയെ സംരക്ഷിക്കുകയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ജന പ്രതിനിധികള്‍, വ്യവസായ വിദഗ്ദ്ധര്‍, അക്കാദമിക് വിദഗ്ദ്ധര്‍, പാരമ്പര്യ തൊഴില്‍ സംരക്ഷകര്‍, തൊഴിലാളി പ്രതിനിധികള്‍, കളിമണ്‍പാത്ര നിര്‍മ്മാതാക്കള്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here