കൊച്ചി |മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണ ശൃംഖലയുടെ ഭാഗമായി നിലകൊള്ളുന്നവരും ശ്രദ്ധിക്കണം. ചെറിയ അളവിലുള്ള മയക്കു മരുന്ന് ഉപയോഗംപോലും വലിയ ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ വിശാല ബെഞ്ച് കഴിഞ്ഞ ദിവസം വിലയിരുത്തി. അതിനാല്‍ തന്നെ, ചെറിയ അളവില്‍ ലഹരി മരുന്നു കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ ‘കാപ്പ’ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാമെന്നു ഹൈക്കോടതി വിധിച്ചു.
പ്രതിരോധം മതിയാവില്ല, മറിച്ച് ലഹരി ശൃംഖലയെ തകര്‍ക്കുന്ന കര്‍ശന സമീപനം വേണമെന്ന് കോടതി പറഞ്ഞു. ലഹരി വ്യാപനത്തിന്റെ ഭീകരത ചെറുക്കാന്‍ എന്‍ഡിപിഎസ് നിയമവും കാപ്പ നിയമവും ഒരേപോലെ പ്രവര്‍ത്തിക്കണമെന്നും കേടതി നിര്‍ദേശിച്ചു.

എന്താണ് കാപ്പാ നിയമം എന്നു മനസിലാക്കിയാലേ ഇതുപ്രകാരം അറസ്റ്റു ചെയ്യപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്ന് മനസിലാകൂ. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 2007ല്‍ കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ. 2014 ല്‍ നിയമം ഭേദഗതി ചെയ്തു. കാപ്പ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി നിലവില്‍ ഒരു വര്‍ഷമാണ്.അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാം.
പറഞ്ഞുവന്നത്, ലഹരി കൈവശം വച്ച് കേസില്‍ അകപ്പെട്ടാല്‍, പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ട് നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവര്‍ക്കൊപ്പം നിങ്ങളും കാപ്പ കുത്തപ്പെടും. ഇതിനു പുറമെ, സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, അന്യന്റെയോ സര്‍ക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവര്‍ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ കാപ്പാ നിയമത്തിന്റെ പരിധിയില്‍ എത്തിച്ചിട്ടുണ്ട്. ഗുണ്ട, റൗഡി പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ചില സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ഒരു വര്‍ഷംവരെ തടയാന്‍ ഡി.ഐ.ജിക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ അധികാരമുണ്ടാകും. സിറ്റി പോലീസ് കമീഷണര്‍ കലക്ടര്‍ക്കു നല്‍കുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം.
തൊട്ടുമുമ്പുള്ള ഏഴു വര്‍ഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക.കുറഞ്ഞ അളവില്‍ ലഹരിമരുന്നു സൂക്ഷിച്ചതിന്റെ പേരില്‍ ഗുണ്ടയെന്നോ ലഹരിമരുന്നു കേസിലെ സ്ഥിരം കുറ്റവാളിയെന്നോ കണ്ട് കാപ്പ നിയമപ്രകാരം തടവിലാക്കുന്നതു ശരിയല്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവാണ് പുതിയ വിധിയോടെ പഴങ്കഥയായത്. വാണിജ്യ അളവില്‍ ലഹരി വസ്തു കൈകാര്യം ചെയ്യുന്നവരെ മാത്രമേ ലഹരിക്കേസിലെ സ്ഥിരം കുറ്റവാളിയായി പരിഗണിക്കാന്‍ കഴിയൂവെന്നാണ് 2024ല്‍ സുഹാന കേസില്‍ ഫുള്‍ ബെഞ്ച് വിധിച്ചത്. ഇതിനെ തള്ളിക്കൊണ്ടാണ് വിശാല ബെഞ്ച് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ലഹരിവസ്തുവിനോടും കടത്തിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടും ലഹരിമരുന്നു ശൃംഖലകളെ തകര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ ശക്തിപ്പെടുത്താനുള്ള ശ്രമവുമാണു വേണ്ടതെന്നു വ്യക്തമാക്കിയാണ് കോടതിയുടെ ഇടപെടല്‍. ആദ്യതവണ പിടിക്കപ്പെടുന്നവര്‍ക്കു മെഡിക്കല്‍ പരിശോധന ഉറപ്പാക്കിയുള്ള പുനരധിവാസം പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, പി. ഗോപിനാഥ്, എ. ബദറുദ്ദീന്‍, എം.ബി. സ്‌നേഹലത, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ചെറിയ അളവില്‍ ലഹരിവസ്തു കൈവശം വച്ചാല്‍ പിഴയടച്ചു രക്ഷപെടാന്‍ കഴിയുമെന്ന ചിന്ത യുവാക്കള്‍ക്കിടയില്‍ വരുന്നുണ്ടെന്നു വിലയിരുത്തിയ കോടതി ഇതും ലഹരിവ്യാപനത്തിനു വലിയ തോതില്‍ കാരണമാക്കുന്നുവെന്നും പറഞ്ഞു. ചെറിയ അളവിലുള്ള മയക്കു മരുന്നു ഉപയോഗം പോലും കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നു. സമൂഹത്തിനും ആപത്താണ്. കുറ്റകൃത്യങ്ങള്‍ പെരുകാനും ജനങ്ങളുടെ സ്വയിരജീവിതം തകരാനും ഇതു ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.











