തിരുവനന്തപുരം | മഞ്ഞപ്പിത്തം പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാല്‍, മഞ്ഞപ്പിത്തം എന്തുകൊണ്ടു വന്നുവെന്ന് കണ്ടെത്തിയശേഷമോ ചികിത്സിക്കാവൂ. ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ചികിക്ത തേടണം. സ്വയം ചികിത്സ അരുത്.
സംസ്ഥാനത്ത് മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അസുഖം വ്യാപകമായി റിപോര്‍ട്ട് ചെയ്യുകയാണ്. ഈ ജില്ലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
രോഗബാധ കണ്ടുവരുന്ന പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന് നടത്താന്‍ നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ.
രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം. അശുദ്ധമായ വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരുമെന്നതിനാല്‍ ഐസും വെള്ളവുമെല്ലാം ശ്രദ്ധിച്ച് ഉപയോഗിക്കണം. പാത്രങ്ങള്‍ കഴുകാനും ശരീരം ശുചിയാക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളം ചോരുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അതിന് അടിയന്തര പരിഹാരം കാണുകയും വേണം.
രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച് ഐ വി ബാധിതര്‍, കരള്‍ രോഗ ബാധിതര്‍ എന്നിവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം.
ഹെപ്പറ്റൈറ്റിസ്-എ വൈറസ് കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളൂ. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാം.
രോഗ ലക്ഷണങ്ങള്‍:
മഞ്ഞപ്പിത്തം പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാല്‍ മഞ്ഞപ്പിത്തം എന്തുകൊണ്ട് വന്നു എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ്-എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രണ്ടു മുതല്‍ ആറ് ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തിലാവുക) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
പ്രതിരോധ മാര്‍ഗങ്ങള്‍:
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക.
- കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
- സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക.
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
- ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിന് എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.